തിരുവനന്തപുരം - കോൺഗ്രസ് തറവാട്ടിലെ കാരണവരും മുൻ സ്പീക്കറും മന്ത്രിയും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. തിരുവനന്തപുരം വക്കത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിന്റെ സങ്കടം മാറും മുമ്പേയാണ് മുതിർന്ന നേതാവ് വക്കത്തെയും കോൺഗ്രസിന് നഷ്ടമായത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വക്കം പുരുഷോത്തമൻ വിടവാങ്ങിയത്. കഴിഞ്ഞദിവസങ്ങളിൽ തിരുവനന്തപുരം ഡി.സി.സി ഓഫീസിലും കെ.പി.സി.സി ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഇന്ന് രാവിലെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ തുടങ്ങിയ വിവിധ നേതാക്കൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ വക്കത്തെ വീട്ടിൽ വീണ്ടും അന്തിമോപചാരം അർപ്പിക്കാനെത്തി.