ന്യൂദൽഹി- കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് സുപ്രീം കോടതി രണ്ടു മാസത്തെ ജാമ്യം അനുവദിച്ചു. ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ജാമ്യം. ജാമ്യം നൽകുന്നതിനെ ഇ.ഡി ശക്തമായി എതിർത്തെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല. ശിവശങ്കർ ആവശ്യപ്പെടുന്ന ചികിത്സ, ഇഷ്ടാനുസരണമുള്ള ആശുപത്രിയിൽ അനുവദിക്കാമെന്ന് ഇ.ഡി വാഗ്ദാനം ചെയ്‌തെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല. നട്ടെല്ലിന് ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്തയും മനുശ്രീനാഥും വാദിച്ചു. എറണാകുളത്തെ ആശുപത്രിയും വിദഗ്ധ ചികിത്സ നിർദ്ദേശിച്ചിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ച് സുപ്രീം കോടതി വ്യക്തമാക്കി. കോട്ടയത്തോ, തിരുവനന്തപുരത്തോ ചികിത്സ നടത്തണമെന്നാണ് ശിവശങ്കർ അറിയിച്ചത്. ഇത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. ജാമ്യം ദുരുപയോഗം ചെയ്യരുത്, ചികിത്സാ ആവശ്യത്തിന് മാത്രമാണ് ജാമ്യം, സാക്ഷികളുമായി ബന്ധപ്പെടരുത് എന്നീ കാര്യങ്ങൾ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി.