തിരുവനന്തപുരം - ശാസ്ത്രവും മിത്തുകളും സംബന്ധിച്ച തന്റെ പ്രസംഗത്തിന്റെ മറപിടിച്ചുയർന്ന വിവാദം തണുപ്പിക്കാൻ സ്പീക്കർ എ.എൻ ഷംസീർ മാധ്യമങ്ങളെ കാണും. വിശ്വാസികളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് വിവാദത്തിലൂടെ രാഷ്ട്രീയ മൈലേജുണ്ടാക്കാനുള്ള സംഘപരിവാർ ഉൾപ്പെടെയുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂർവ ഇടപെടലുകളുടെ മുനയൊടിക്കാനാണ് സ്പീക്കറുടെ നീക്കം.
വിവാദത്തെ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സമാന സ്ഥിതിഗതികളിലേക്ക് വലിച്ചിഴയ്ക്കാനാണ് സംഘപരിവാർ തുനിയുന്നത്. ഇതിന് അറിഞ്ഞോ അറിയാതെയോ വിശ്വാസികൾ കുടപിടിക്കുന്ന സാഹചര്യം ഉണ്ടായിക്കൂടെന്നാണ് സി.പി.എമ്മും സംസ്ഥാന സർക്കാറും ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്പീക്കർ ഇന്ന് ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയെന്നാണ് വിവരം.
ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പ്രസ്താവനയിലെ കാര്യങ്ങളിൽ വിശദീകരണം നടത്തി ഷംസീറിനെ കൊണ്ട് തന്നെ വിവാദ കെണിയുടെ കുരുക്ക് അഴിപ്പിക്കാമെന്നാണ് സർക്കാറും പാർട്ടിയും കരുതുന്നത്.
വിവാദത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിൽ കരുതലോടെയാണ് കോൺഗ്രസ് വിഷയത്തെ സമീപിച്ചത്. ശാസ്ത്രബോധവും മതവിശ്വാസവും കൂട്ടിക്കുഴക്കരുതെന്നും ഒരു വിശ്വാസത്തേയും ഹനിക്കരുതെന്നുമാണ് കോൺഗ്രസ് നിലപാട്. പ്രശ്‌നത്തിൽ സി.പി.എം ജാഗ്രത കാണിച്ചില്ലെന്നും സംഭവം കൈവിട്ടതിനാലാണ് വൈകിയെങ്കിലും പ്രതികരിക്കാൻ നിർബന്ധിതനായതെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്.
നാമജപ സംഗമം അടക്കമുള്ള പരിപാടികളിലൂടെ എൻ.എസ്.എസ് നേതൃത്വം സ്പീക്കർക്കെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് സ്പീക്കർ വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുക. വിശ്വാസത്തിന് സർക്കാറോ പാർട്ടിയോ എതിരല്ലെന്നും രാജ്യത്ത് ഭരണഘടന പൗരന് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ പെടുന്ന വിശ്വാസ-ആരാധനാ സ്വാതന്ത്ര്യം എന്നും ബഹുമാനിക്കുമെന്നും അത് ഇല്ലാതാക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്നുമുള്ള നിലപാടിൽ ഊന്നിയാവും അദ്ദേഹം കാര്യങ്ങളെ സമീപിക്കുക. എന്നാൽ വിശദീകരണത്തിനുശേഷവും പ്രതിയോഗികൾ ദുരുദ്ദേശപരമായ പ്രചാരണം തടർന്നാൽ രാഷ്ട്രീയപരമായി തന്നെ വിഷയത്തെ സമീപിക്കാനാണ് സി.പി.എം ശ്രമിക്കുക.