Sorry, you need to enable JavaScript to visit this website.

'വിശ്വാസത്തിൽ സ്റ്റേറ്റ് ഇടപെടരുത്'; സ്പീക്കറുടെ പ്രസ്താവന വിവാദത്തിൽ നിലപാട് പറഞ്ഞ് പ്രതിപക്ഷ നേതാവ്  

തിരുവനന്തപുരം - സ്പീക്കറുടെ പ്രസ്താവന വിവാദത്തിൽ നിലപാട് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിക്കാതിരുന്നത് മനപ്പൂർവ്വമായിരുന്നുവെന്നും എരിതീയിൽ എണ്ണ ഒഴിക്കേണ്ടതില്ലെന്നുമായിരുന്നു കോൺഗ്രസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ വിഷയങ്ങൾ കൈവിട്ടുപോയിതിനാലാണ് പ്രതികരിക്കുന്നതെന്നും സ്പീക്കർ ഷംസീർ നടത്തിയ പ്രസ്താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായി പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
   സ്പീക്കർ നിലപാട് തിരുത്തണം. ജാഗ്രതയോടെ കൂടി പ്രവർത്തിക്കണം. സ്പീക്കറുടെ ഭാഗത്ത് ജാഗ്രത ഉണ്ടായില്ല. വിശ്വാസത്തിൽ സ്റ്റേറ്റ് ഇടപെടരുതെന്നാണ് കോൺഗ്രസ് നിലപാട്. ശാസ്ത്രബോധവും മതവിശ്വാസവും കൂട്ടിക്കുഴക്കേണ്ട. ബി.ജെ.പിയും ആർ.എസ്.എസും അവസരം ഉപയോഗപ്പെടുത്തുകയാണ്. സി.പി.എം ഈ വിഷയം കൈകാര്യം ചെയ്ത രീതി വിസ്മയപ്പെടുത്തി. 
സി.പി.എം നേതാക്കളെല്ലാം കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വെള്ളമൊഴിച്ച് തണുപ്പിക്കാനാണവർ ശ്രമിക്കേണ്ടത്.
 കെട്ടടങ്ങി പോകേണ്ട ഒരു വിഷയത്തെ ആളിക്കത്തിച്ചതും സി.പി.എം ആണ്. വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ്. വിശ്വാസത്തെ മുറിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പാടില്ല. ബിജെപിയെ തിരിച്ചറിയാനുള്ള ശേഷി എൻ.എസ്.എസിനുണ്ട്. വിവിധ സംഘടനകൾ ഒന്നിച്ചു പോയി പ്രതിഷേധിക്കേണ്ട സാഹചര്യം ഒഴിവാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇന്ന് തന്നെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. കോൺഗ്രസിന് ഇതിൽ രാഷ്ട്രീയ മുതലെടുപ്പില്ല. വോട്ടും വേണ്ട. ന്യൂനപക്ഷം ആണെങ്കിലും ഭൂരിപക്ഷം ആണെങ്കിലും ഒരു വർഗീയവാദികളെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News