ന്യൂഡൽഹി - ലൈഫ് മിഷൻ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് രണ്ടുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ വാദം തള്ളിയാണ് ആറ് മാസമായി ജയിലിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജാമ്യം ലഭിക്കാൻ വേണ്ടിയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നതെന്നുമായിരുന്നു ശിവശങ്കറിന്റെ ജാമ്യ ഹരജിയെ എതിർത്തുള്ള സത്യവാങ്മൂലത്തിൽ ഇ.ഡി വാദിച്ചിരുന്നത്. ജാമ്യാപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ റിപോർട്ട് ശിവശങ്കറിനെ പരിശോധിക്കാതെ ഡോക്ടർമാർ തയ്യാറാക്കിയതാണ്. ശിവശങ്കർ തങ്ങളുടെ കസ്റ്റഡിയിലുണ്ടായിരുന്ന സമയത്ത് തയ്യാറാക്കിയ റിപോർട്ടാണിതെന്നും ഇഡി വാദിച്ചു.
നേരത്തെ ശിവശങ്കർ ജാമ്യത്തിലിറങ്ങിയത് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ്. പിന്നീട് വിരമിക്കുംവരെ അദ്ദേഹം ഓഫീസിൽ പോയി. ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ നിശ്ചയിച്ച ശസ്ത്രക്രിയ ജാമ്യം കിട്ടിയപ്പോൾ അദ്ദേഹം വേണ്ടെന്ന് വെച്ചു. ശിവശങ്കർ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ചികിത്സയ്ക്കായി രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.