തൃശൂര്‍- പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി. ജോര്‍ജ് എം.എല്‍.എയുടെ പരാക്രമം. ടോള്‍ പിരിവ് നടത്തുന്ന ഇതര സംസ്ഥാന ജീവനക്കാര്‍ക്ക് തന്നെ തിരിച്ചറിയാത്തതാണ് എം.എല്‍.എയെ പ്രകോപിതനാക്കിയത്. വാഹനത്തില്‍ നിന്നിറങ്ങിയ അദ്ദഹേം വാഹനം തടയുന്ന സ്റ്റോപ് ബാരിയര്‍ ഒടിച്ചു. പിറകെ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും ചേര്‍ന്ന് ബാരിയര്‍ പൂര്‍ണമായും തകര്‍ത്തു. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.
അതേസമയം ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തത് ശരിയായ കാര്യമെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. പണം നല്‍കാന്‍ തയാറായിരുന്നെങ്കിലും ജീവനക്കാരന്‍ തിരിഞ്ഞു നോക്കിയില്ലെന്നും പിറകിലെ വാഹനങ്ങള്‍ ഹോണടിച്ചതോടെയാണ് വണ്ടിയില്‍ നിന്നിറങ്ങി ബാരിയല്‍ ഒടിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മിനിറ്റോളം കാത്തു നിന്നെങ്കിലും ജീവനക്കാരന്‍ തിരിഞ്ഞു നോക്കിയില്ല. എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ കാറിലുണ്ടായിരുന്നു. എന്നിട്ടും കാര്‍ കടത്തി വിടാന്‍ അവര്‍ തയാറായില്ല. ചെയ്തത് പൂര്‍ണമായും ശരിയാണെന്നും ജോര്‍ജ് വ്യക്തമാക്കി. ടോള്‍ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളില്‍ എല്ലാം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.