Sorry, you need to enable JavaScript to visit this website.

രാജിവാര്‍ത്ത; മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയോട് സിപിഐ വിശദീകരണം തേടും 

പാലക്കാട്- മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയോട് വിശദീകരണം ചോദിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം. മാധ്യമങ്ങളില്‍ രാജി വാര്‍ത്ത വന്ന സാഹചര്യത്തിലാണ് ജില്ലാ കൗണ്‍സില്‍ തീരുമാനം. പട്ടാമ്പി എംഎല്‍എയായ മുഹ്‌സിന്റെ രാജിക്കത്ത് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് നേതൃത്വം അറിയിച്ചു. ജില്ലാ കൗണ്‍സിലില്‍ നിന്നുളള നിന്നുളള നേതാക്കളുടെ രാജിക്കാര്യത്തില്‍ ചര്‍ച്ച വരുന്ന അഞ്ചിന് നടക്കും.മണ്ണാര്‍ക്കാട്, പട്ടാമ്പി, നെന്മാറ മണ്ഡലം കമ്മറ്റികളില്‍ പുതിയ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്ന് മുഹമ്മദ് മുഹ്‌സിനെ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയിരുന്നു. തരംതാഴ്ത്തിയതിനെതുടര്‍ന്നാണ് മുഹ്‌സിന്‍ ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചത്.
ജില്ലയില്‍നിന്ന് സി.പി.ഐ.യുടെ ഏക എം.എല്‍.എ.യാണ് മുഹ്സിന്‍. പാര്‍ട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗവും മുന്‍ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുള്‍പ്പെടെ മറ്റ് ആറുപേര്‍കൂടി ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയെ തരംതാഴ്ത്തിയിരുന്നത്. സമ്മേളനത്തിലുണ്ടായ വിഭാഗീയപ്രവണതകളെക്കുറിച്ചന്വേഷിക്കാന്‍ മുന്‍ ജില്ലാസെക്രട്ടറി ടി. സിദ്ധാര്‍ഥന്‍ കണ്‍വീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്.

Latest News