കൊല്ലം- സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര അര്‍ച്ചന. കൊല്ലം ഇടമുളയ്ക്കല്‍ അസുരമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബാണ് അര്‍ച്ച നടത്തിയത്. സ്പീക്കറുടെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ന് എന്‍എസ്എസ് വിശ്വാസ സംരക്ഷണദിനമാചരിച്ച് പ്രതിഷേധിക്കുകയാണ്. ഇതിന്റെ ഭാഗമായി നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ താലൂക്ക് യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിര്‍ദ്ദേശം.
അതേസമയം, ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണമെന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. 'എനിക്ക് അബദ്ധം പറ്റി. ഞാന്‍ ഹൈന്ദ വിശ്വാസികളോട് മാപ്പുപറയുന്നു എന്ന് സ്പീക്കര്‍ പറയണം'- ജി സുകുമാരന്‍ നായര്‍ പറഞ്ഞു.