പത്തനംതിട്ട - ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നല്‍കിയ അഫ്‌സാനക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ഭര്‍ത്താവ് നൗഷാദ് പോലീസില്‍ പരാതി നല്‍കി. അഫ്‌സാനയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അതിനാലാണ് തനിക്ക് നാടുവിടേണ്ടി വന്നതെന്നും പരാതിയില്‍ പറയുന്നു. അടൂര്‍ പോലീസിലാണ് നൗഷാദ് പരാതി നല്‍കിയത്. നിക്ക് ആര്‍ക്കെതിരെയും പരാതിയില്ലെന്നും ഭാര്യയെ പേടിച്ചാണ് നാടു വിട്ടതെന്നുമാണ് ആദ്യം നൗഷാദ് പറഞ്ഞിരുന്നത്. എന്നാല്‍ ഭര്‍ത്താവിനെ കൊന്നെന്ന് കുറ്റസമ്മതം നടത്തിയതിനെ തുര്‍ന്ന് ജയിലിലായ അഫ്‌സാന ജയിലില്‍ നിന്നിറങ്ങിയ ശേഷം നൗഷാദിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തന്നെയും കുട്ടികളെയും നൗഷാദ് മര്‍ദ്ദിക്കാറുണ്ടെന്നായിരുന്നു അഫ്‌സാനയുടെ ആരോപണം. ഇതോടെയാണ് അഫ്‌സാനക്കെതിരെ പരാതിയുമായി നൗഷാദ് പോലീസിനെ സമീപിച്ചത്. ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴി നല്‍കിയത് പൊലീസ് ഉപദ്രവിച്ചിട്ടാണെന്ന് അഫ്‌സാന പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്‌സാന പറയുന്നു.