Sorry, you need to enable JavaScript to visit this website.

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം: ക്രൗഡ് ഫണ്ടിംഗിന് പുതിയ സമയം അനുവദിച്ച് നേതൃത്വം; ഗൾഫ് നാടുകളിൽ വൻ ഒരുക്കം

കോഴിക്കോട് - ഡൽഹിയിൽ പണിയുന്ന മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരത്തിനായുള്ള (ഖാഇദെ മില്ലത്ത് സെന്റർ) ക്രൗഡ് ഫണ്ടിംഗ് വൻ വിജയമായതിന് പിന്നാലെ സാങ്കേതികവും മറ്റുമായ കാരണത്താൽ പണം യഥാസമയം അപ്‌ലോഡ് ചെയ്യാൻ സാധിക്കാത്തവർക്കു മാത്രമായി പുതിയ തിയ്യതി പ്രഖ്യാപിച്ച് നേതൃത്വം. 
 ഇതനുസരിച്ച് ഫണ്ട് സമാഹരിച്ച കേന്ദ്രങ്ങൾക്ക് പണം അയക്കാനായി ആഗസ്ത് മൂന്നിന് രാവിലെ 10 മുതൽ 12ന് രാത്രി 10 വരെ ആപ് തുറക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.പി.എം.എ സലാം അറിയിച്ചു. ജൂലൈ 31ന് അർധരാത്രി ക്യാമ്പയിൻ അവസാനിപ്പിച്ചപ്പോൾ സാങ്കേതികവും മറ്റുമായ കാരണത്താൽ ചില വ്യക്തികൾക്കും ശാഖകൾക്കും സമാഹരിച്ച ഫണ്ട് അപ്‌ലോഡ് ചെയ്യാനും നേരത്തെ വാഗ്ദാനം ചെയ്ത സംഭാവനകൾ പൂർണമായും സമാഹരിക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുമായി കൂടിയാലോചിച്ചാണ് സമാഹരിച്ച ഫണ്ട് അതത് ഘടകങ്ങൾക്ക് അപ്‌ലോഡ് ചെയ്യാൻ അവസരം ഒരുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, നേരേത്ത പ്രഖ്യാപിച്ച സമ്മാനങ്ങൾ നൽകുക പൂർണമായും ജൂലൈ 31 അർധരാത്രിയിലെ കണക്കുകൾ അനുസരിച്ചായിരിക്കും.
 26.77 കോടി രൂപയാണ് ജൂലൈ 31ന് അർധരാത്രി വരെ ലഭിച്ചത്. 25 കോടിയായിരുന്നു ലക്ഷ്യമെന്നും ഫണ്ട് സമാഹരണം വൻ വിജയമാക്കിയ പാർട്ടിപ്രവർത്തകരുടെ ത്യാഗസന്നദ്ധതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ഫണ്ട് സമാഹരണത്തിന് പിന്നാലെ ഗൾഫ് നാടുകളിൽ കെ.എം.സി.സി മുഖേനയുള്ള ഫണ്ട് സമാഹരണവും നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ ജി.സി.സി രാജ്യങ്ങളിലും മറ്റും കെ.എം.സി.സി ഘടകങ്ങൾ വളരെ ആവേശകരമായ രീതിയിലാണ് രാജ്യതലസ്ഥാനത്ത് ഉയരാനിരിക്കുന്ന പാർട്ടി ആസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതെന്നാണ് വിവരം.
 

Latest News