കോട്ടയം- ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടില്‍ ഷെറിന്‍ എസ് തോമസ് (28) ആണ് വൈക്കം പൊലിസിന്റെ പിടിയിലായത്.
ആന്ധ്ര ബാങ്കും യൂണിയന്‍ ബാങ്കും ലയിച്ചതിനു ശേഷം ഈ ബാങ്കില്‍ അക്കൗണ്ട് ഉള്ള ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ സമീപിച്ച് ആന്ധ്ര ബാങ്കില്‍ ഉണ്ടായിരുന്നപ്പോള്‍ എടുത്ത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി പുതിയ ബാങ്കിലേക്ക് പോര്‍ട്ട് ചെയ്തു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
അഞ്ച് ലക്ഷം രൂപയുടെ പോളിസിക്ക് ഒരു വര്‍ഷം 32,664 രൂപ പ്രീമിയം തുകയാണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. വീട്ടമ്മ പണം നല്‍കിയതിനു ശേഷവും ഇന്‍ഷുറന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് ഇയാളെ വിളിച്ചിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞ പോളിസി നമ്പറില്‍ വീട്ടമ്മയുടെ പേര് വ്യാജമായി ചേര്‍ത്ത് നല്‍കുകയുമായിരുന്നു. ഇതില്‍ സംശയം തോന്നിയ വീട്ടമ്മ ബാങ്കിനെ സമീപിക്കുകയും വ്യാജ രേഖയാണെന്ന് തിരിച്ചറിയുകയുമായിരുന്നു.