ന്യൂദല്‍ഹി- കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, എന്‍.ഐ.ടി, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ 137 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കെ സുധാകരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സര്‍ക്കാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.അക്കാദമിക സമ്മര്‍ദ്ദം, കുടുംബ കാരണങ്ങള്‍, വ്യക്തിപരമായ കാരണങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, സാമ്പത്തിക ക്ലേശങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കുകള്‍ തുടങ്ങിയവയാണ് ആത്മഹത്യയ്ക്ക് കാരണമായിട്ടുള്ളതെന്നാണ് മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നത്. ക്യാമ്പസുകളിലെ ഓരോ ആത്മഹത്യയ്ക്കും സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളിലെ ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിന് കൗണ്‍സലിംഗ് നടത്തിവരുന്നതായും മറുപടിയില്‍പറയുന്നു.