വിമെക്‌സ് ഗ്ലോബൽ ഉദ്ഘാടനവും നടക്കും
അബുദാബി- തൃശൂർ വിമല കോളേജ് പൂർവ വിദ്യാർഥിനികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ വിമെക്‌സിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥിനി സംഗമം വിമലമീയോർമകൾ ഇന്ന് ഉച്ച തിരിഞ്ഞു രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കോളേജിലെ പൂർവ വിദ്യാർഥിനികളുടെ ആഗോള പ്രസ്ഥാനമായ വിമെക്‌സ് ഗ്ലോബലിന്റെ ഉദ്ഘാടനവും നടക്കും.
നൂറിലേറെ പൂർവ വിദ്യാർഥിനികളും അധ്യാപകരും രചിച്ച കാമ്പസ് അനുഭവങ്ങൾ കോർത്തിണക്കിയ വിമലമീയോർമകൾ പുസ്തകത്തിന്റെ പുനഃപ്രകാശനവും വിരമിച്ച അമ്പതിലേറെ അധ്യാപരെ ആദരിക്കുന്ന ഗുരുപ്രണാമവും ഉണ്ടാകും. കോളേജിലെ വിദ്യാർഥിനികളും പങ്കെടുക്കും.
സംഗീതജ്ഞൻ ഔസേപ്പച്ചൻ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവർ മുഖ്യാതിഥികളാകും. പ്രതിസന്ധികളെയും വെല്ലുവിളികളെയും സധൈര്യം നേരിട്ട ഗിരിജ തിയേറ്റർ ഉടമ ഡോ.ഗിരിജയെ ആദരിക്കും. വിമെക്‌സ് പ്രസിഡന്റ് ഷെമീൻ റഫീക്ക് അധ്യക്ഷയാകും.
സ്ഥാപക പ്രസിഡന്റ് സരിത മധുസൂദനൻ വിമെക്‌സ് ഗ്ലോബൽ പ്രഖ്യാപനം നടത്തും. മുതിർന്ന പത്രപ്രവർത്തകൻ ഫ്രാങ്കോ ലൂയിസ്, പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ബീന ജോസ്, വിമലമിയോർമകൾ എഡിറ്റർ രശ്മി ഐസക്, വിമെക്‌സ് സെക്രട്ടറി രശ്മി റോയ്, ട്രഷറർ നീന ഡെൽഫിൻ, മുൻ കലാ തിലകവും മുൻ പ്രസിഡന്റുമായ ജൂലിൻ ബെൻസി എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ ഷെമിൻ റഫീക്ക്, രശ്മി റോയ്, സരിത മധുസൂദനൻ, രശ്മി ഐസക്, ജൂലിൻ ബെൻസി എന്നിവർ പങ്കെടുത്തു.