ദമാം-കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത ചൂടിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. അന്തരീക്ഷ ഊഷ്മാവ് 54 ഡിഗ്രി കാണിക്കുന്നതായി കാലാവസ്ഥ മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിനെ തുടർന്ന് പാർക്ക് ചെയ്തിരിക്കുന്ന നിരവധി വാഹനങ്ങളുടെ ഗ്ലാസുകൾ പൊട്ടി തകർന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നാട്ടിലേക്ക് അവധിക്കു പോയ മാധ്യമ പ്രവർത്തകൻ മുജീബ് കളത്തിലിന്റെ കമ്പനി കാർ ഷെഡിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസും തകർന്നിട്ടുണ്ട്.
കടുത്ത ചൂട് കൂടി വരുന്ന നിലവിലെ സാഹചര്യത്തിൽ പുറത്തു ജോലിചെയ്യുന്നവർക്കും നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. കടുത്ത ചൂടിനെ തുടർന്ന് താമസ സ്ഥലങ്ങളിൽ എയർ കണ്ടിഷൻ പോലും ശരിയായി പ്രവർത്തിക്കുന്നില്ല. വൈകുന്നേരങ്ങളിൽ കമ്പോളങ്ങളിൽ ജനത്തിരക്ക് തീരെ കുറവാണ്. ദമാം, അൽ ഖോബാർ, ഖത്തീഫ്, ജുബൈൽ അൽ ഹസ, ഖഫ്്ജി എന്നിവടങ്ങളിൽ കടുത്തും ചൂടും അതിനൊപ്പം ഈർപ്പാവസ്ഥ (പുഴുക്ക്) യും അനുഭവപ്പെടുന്നുണ്ട്. പല കമ്പനികളും നിർമ്മാണ പ്രവർതനങ്ങളിലെർപ്പെട്ട തൊഴിലാളികൾക്കും പുറത്തു ജോലിചെയ്യുന്നവർക്കും പ്രവർത്തന സമയം പരിമിതപ്പെടുത്തി. കടുത്ത ചൂടിൽ ഉച്ചക്ക് വിശ്രമമില്ലാതെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്തു ജോലി ചെയ്യുന്നവർ കടുത്ത ചൂടും ഈർപ്പാവസ്ഥയും കാരണം ശരീരത്തിലെ ജലാംശം കുറയുന്നതിനാൽ ഉഷ്ണ രോഗത്തിൽ നിന്നും സൂര്യാഘാതം എല്ക്കുന്നതിൽ നിന്നും മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. തുടക്കം മുതൽ തന്നെ ചൂടിന്റെ കാഠിന്യം ഇത്ര ശക്തമാണെങ്കിൽ വരും ദിവസങ്ങളിൽ ഇതിലും ശക്തമായി തുടരുമെന്നാണ് കണക്കു കൂട്ടൽ. ദീർഘ ദൂരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും വാഹങ്ങളുടെ സഞ്ചാര യോഗ്യതയും ടയറിന്റെ മേന്മയും പരിശോധിക്കുകയും അമിത വേഗത ഒഴിവാക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.