തിരുവനന്തപുരം- സംസ്ഥാനത്തെ കൂടുതൽ ദുരിതത്തിലാഴ്ത്തി മഴ ശക്തമായി തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി മൂലം ഇന്നലെ അഞ്ച് പേർ മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതി മൂലം ഇതുവരെ 18 പേർ മരിച്ചെന്നാണ് റവന്യൂ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേരെയാണ് ഇവിടേക്ക് മാറ്റിത്താമസിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയിൽ താറാവിനെ തീറ്റുന്നതിനിടെ തോട്ടിലെ ഒഴുക്കിൽപെട്ട് വള്ളം മറിഞ്ഞ് ചെന്നിത്തല, തൂവൻതറയിൽ മാത്യു (ബാബു 62) മരിച്ചു. വീടിനു സമീപത്തെ വെള്ളക്കെട്ടിൽ കുഴഞ്ഞു വീണാണ് മാവേലിക്കര കുറത്തിക്കാട് പള്ളിയാവട്ടം തെങ്ങും വിളയിൽ രാമകൃഷ്ണൻ (62) മരിച്ചത്. ടി.എ കനാലിന് സമീപത്തെത്തിയ രാമകൃഷ്ണൻ മഴവെള്ളം നിറഞ്ഞ കുഴിയിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറത്ത് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. മലപ്പുറം മേലാറ്റൂർ എരുത്തൊടി നാരായണനാണ് (68) മരിച്ചത്. കോട്ടയം മുണ്ടക്കയത്തു നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം അഴുതയാറ്റിൽ കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടിൽ ദീപുവാണ് (28) മരിച്ചത്. കടലുണ്ടിപ്പുഴയിൽ കാണാതായ ഏഴ് വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. തേഞ്ഞിപ്പലം സ്വദേശി റജുലയുടെ മകൻ മുഹമ്മദ് റബീഇൻ ആണ് മരിച്ചത്. നാവിക സേനയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 35 കിലോ മീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമായേക്കും. ഈ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുത്. അടുത്ത 24 മണിക്കൂറിലേക്ക് ഈ മുന്നറിയിപ്പ് ബാധകമാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയിൽ ഇന്നലെ രാവിലെ അൽപം കുറവുണ്ടായെങ്കിലും വെള്ളപ്പൊക്ക ഭീഷണി കുറഞ്ഞിട്ടില്ല. രാത്രിയോടെ പല ജില്ലകളിലും മഴ വീണ്ടും ശക്തമായി. വീടുകളിലും കടകളിലുമടക്കം വെള്ളം നിറഞ്ഞ അവസ്ഥയാണ്. കൃഷി നാശവും വ്യാപകമാണ്. പതിനാറു വീടുകൾ പൂർണമായും 558 വീടുകൾ ഭാഗികമായും തകർന്നു. വെള്ളം ഉയരുന്നതിന് അനുസരിച്ച് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ് അധികൃതർ. ഇതുവരെ തുറന്ന 111 ക്യാമ്പുകളിലായി 22,061 പേരാണ് കഴിയുന്നത്. വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ശക്തമായ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിക്കുന്നതെന്നാണ് മുതിർന്ന തലമുറയടക്കം പറയുന്നത്.
കോട്ടയത്തു വീണ്ടും മഴ കനത്തു. പാല, കോട്ടയം, കുമരകം, ഏറ്റുമാനൂർ, കുറവിലങ്ങാട്, വൈക്കം, ചങ്ങനാശ്ശേരി മേഖലകൾ വെള്ളക്കെട്ടിലാണ്. ഒട്ടേറെ സ്ഥലത്തു ജനങ്ങൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നു. മിക്ക റൂട്ടുകളിലും ബസുകൾ സർവീസ് നിർത്തി. ചെറുവാഹനങ്ങൾ ഓടുന്നില്ല. ആലപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. വെള്ളം കയറിയതോടെ കെ.എസ്.ആർ.ടി.സി അടക്കമുള്ളവ സർവീസ് നടത്തുന്നില്ല. കനത്ത മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് 12 കോടിയിലധികം രൂപയുടെ നാശനഷ്ടം നേരിട്ടു. വയനാട്, കണ്ണൂർ, ശ്രീകണ്ഠാപുരം, വടകര, ഇടുക്കി, കോട്ടയം, പത്തനംതിട്ട മേഖലകളിലാണ് ഏറെ നാശനഷ്ടമുണ്ടായത്. മഴയും കാറ്റും ശക്തിപ്പെട്ടതിനെ തുടർന്നുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി നടപടി സ്വീകരിക്കുന്നത്.