അങ്കമാലി- സ്വകാര്യബസും രണ്ട് ഇരുചക്രവാഹനങ്ങളും തമ്മിൽ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറക്കുറ്റി അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കറുകുറ്റി എടക്കുന്ന് പള്ളിയാൻ വീട്ടിൽ മനോജിന്റെ മകൻ ഫാബിൻ (ജിത്തു-18), മൂക്കന്നൂർ കോക്കുന്ന് മൂലൻവീട്ടിൽ മാർട്ടിന്റെ മകൻ അലൻ (18) എന്നിവരാണ് മരിച്ചത്. മരണമടഞ്ഞ ഇരുവരും ബൈക്കിൽ മഞ്ഞപ്ര ഭാഗത്ത് നിന്നും അങ്കമാലി ഭാഗത്തേക്ക് വരികയായിരുന്നു. മൂക്കന്നൂർ കാളാർകുഴി ചുള്ളി വീട്ടിൽ സി.എസ്. രഘു (51), പൂതുകുറ്റി പണിക്കശ്ശേരി വീട്ടിൽ കെ.വി. സോമൻ (54) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അങ്കമാലി-മഞ്ഞപ്ര റോഡിൽ തുറവൂർ ഉതുപ്പുകവലയ്ക്ക് സമീപം ഡിപ്പോ കവലയിലായിരുന്നു അപകടം. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ബസിന്റെ പിൻഭാഗത്ത് വലതുവശത്തായി തട്ടി. തുടർന്ന് നിയന്ത്രണം വിട്ട്
പാളിയ ബൈക്ക് എതിരെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളിലും തട്ടി റോഡിലൂടെ തെന്നി സമീപത്തെ കാനയിലേയ്ക്ക് വീണു. അപകടത്തെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ചുപോയ ഫാബിൻ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡിലേയ്ക്ക്
തെറിച്ചു വീണതിനെ തുടർന്ന് തൽക്ഷണം മരിച്ചു. അലൻ കാനയിലേയ്ക്ക് തെറിച്ചുവീണു. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ അലനെ ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ രഘുവും സോമനും മറ്റൊരു ഇരുചക്രവാഹനങ്ങളിലായി സഞ്ചരിച്ചിരുന്നവരാണ്. സുഹൃത്തുക്കളായ ഇരുവരും കിടങ്ങൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌ക്കൂളിൽ പ്ലസ്ടു കഴിഞ്ഞവരാണ്. ഫാബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ബൈക്ക് വാങ്ങിയത്. ഫാബിന്റെ അമ്മ: ദീപ (ഇറ്റലി). സഹോദരങ്ങൾ: ഡോണ, സെബാൻ.
സിസിലിയാണ് അലന്റെ അമ്മ. അലൻ ഏക മകനാണ്.