താനൂർ-ലഹരിക്കടത്ത് കേസിൽ താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി ചെമ്മാട് സ്വദേശിയും മമ്പുറം മൂഴിക്കൽ താമസക്കാരനുമായ സാമി ജിഫ്രി (30)യെയാണ് പോലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടത്തിയത്.ലഹരിക്കടത്ത് സംഘത്തോടൊപ്പം തിങ്കളാഴ്ച അർധരാത്രിയാണ് ഇയാളെ പോലീസ് പിടികൂടിയത്.താനൂർ ദേവധാർ മേൽപ്പാലത്തിന് താഴെ വച്ച് 18 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.അറസ്റ്റിലായ അഞ്ചു പേർക്കും തിങ്കളാഴ്ച രാത്രി ഭക്ഷണം നൽകി സ്റ്റേഷനിലെ സെല്ലിലേക്ക് മാറ്റിയതായിരുന്നു.പുലർച്ച നാലരയോടെ ശാരീരികാസ്വസ്ഥകൾ കാണിച്ചതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.തുടർന്ന് മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജീവൻ രക്ഷിക്കാനായില്ല.സ്‌റ്റേഷനിൽ കഴിയുമ്പോഴും അയാൾ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നെന്നാണ് പോലീസ് പറയുന്നത്.
യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാപോലീസ് മേധാവി സുജിത്ത്ദാസ് പറഞ്ഞു. സുപ്രീംകോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും മാർഗനിർദ്ദേശങ്ങൾ നിലവിലുള്ളതിനാൽ അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല നൽകിയതായും എസ്.പി പറഞ്ഞു.
ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കേസ് നാർക്കോട്ടിക്‌സെൽ ഡിവൈ.എസ്.പി അന്വേഷിക്കും. കേസുകൾ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വിലയിരുത്തുമെന്നും എസ്.പി പറഞ്ഞു.പിടികൂടിയ അഞ്ചുപേർക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.മരിച്ച സാമിർ ജിഫ്രിക്കെതിരെ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന്റെ പേരിൽ രണ്ട് കേസുകളുള്ളതായി എസ്.പി പറഞ്ഞു.