തിരുവനന്തപുരം- സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂർ വെസ്റ്റ്, ചേർപ്പ് എന്നീ ഉപ വിദ്യാഭ്യാസ ജില്ലകളിലെയും പ്ലസ് ടു വരെയുള്ള സ്കൂളുകൾക്കും (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവ ഉൾപ്പെടെ) 18 നു ജില്ലാ കലക്ടർ ടി.വി. അനുപമ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അവധി മൂലം പഠന ദിവസം നഷ്ടമാകാതിരിക്കുവാൻ ഓഗസ്റ്റ് 4 പ്രവൃത്തി ദിനമായിരിക്കും. ആലപ്പുഴയിൽ ശക്തമായ മഴയും കടൽ ക്ഷോഭവും തുടരുന്നതിനാൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 18 നു കലക്ടർ അവധി പ്രഖ്യാപിച്ചു. എറണാകുളത്തു ദുരിതബാധിത മേഖലകളിലെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രൊഫഷനൽ കോളേജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.
കേരള സർവകലാശാല 18 നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. ജൂലൈ 18 നു നിശ്ചയിച്ച എം.ജി സർവകലാശാല പി.ജിയുടെ ഒന്നാം അലോട്ട്മെന്റും യു.ജിയുടെ നാലാം അലോട്ട്മെന്റും കോളേജിൽ ഹാജരാകേണ്ട തീയതിയും നീട്ടിവെച്ചു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീട് അറിയിക്കും.