കൊച്ചി- എറണാകുളം ടൗണ്‍ നോര്‍ത്ത് വനിത പോലീസ് സ്റ്റേഷന്‍ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതിക്ക് തടവും പിഴയും. തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് (38) എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നാലു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പതിനയ്യായിരം രൂപ പിഴയും അടക്കണം. പിഴയടച്ചില്ലെങ്കില്‍ നാലു മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം.
2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ജോസ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവ ദിവസം തുടര്‍ച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നോര്‍ത്ത് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു.
എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അനസ് വി. ബിയുടെ നേതൃത്വത്തില്‍ പ്രതിയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് കുറ്റപത്രം തയ്യാറാക്കി കോടതില്‍ സമര്‍പ്പിച്ചത്.
പോലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിനിത ഹാജരായി.