കോഴിക്കോട് - പോലീസ് റിപ്പോര്‍ട്ട് അനുകൂലമായിട്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാത്തതില്‍ പ്രതിഷേധിച്ച് സമരസഹായസമിതിയുടെ നേതൃത്വത്തില്‍ ഹര്‍ഷീന ഡി.എം.ഒ ഓഫീസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തി.
രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ആ സമയത്ത് ഡി.എം.ഒ സ്ഥലത്തില്ലായിരുന്നു. പിന്നീട് വരാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലാ മെഡിക്കല്‍ ഓഫീസറെ കണ്ടേ മടങ്ങുകയുള്ളൂവെന്ന് പറഞ്ഞാണ് നിലത്ത് സമരസമിതി നേതാക്കള്‍ക്കൊപ്പം ഹര്‍ഷീനയും കുത്തിയിരിപ്പ് സമരം നടത്തിയത്. ഒന്നരമണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ ഡി.എം.ഒ ഡോ. രാജാറാം, ഹര്‍ഷീനയും സമരസമിതി നേതാക്കളുമായും ചര്‍ച്ച നടത്തി. ഈ മാസം ഏട്ടാം തിയതിക്കുള്ളില്‍ യോഗം ചേരുമെന്നും എട്ടിനുതന്നെ റിപ്പോര്‍ട്ട് പോലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടേണ്ട റേഡിയോളജിസ്റ്റിനെ കിട്ടാത്തതാണ് പ്രശ്‌നം. ആരോപണമുനയില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് നില്‍ക്കുമ്പോള്‍ അവിടുന്ന് നിന്നുള്ള
ഡോക്ടറെ വിളിക്കാന്‍ പറ്റില്ല. മറ്റ് ജില്ലകളില്‍നിന്ന് വിളിക്കണമെങ്കില്‍ ആരോഗ്യവകുപ്പിന്റേയോ മന്ത്രിയുടേയോ നിര്‍ദ്ദേശം വരണം. അതിനുള്ള പേപ്പറെല്ലാം തയാറാക്കി അയച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ റേഡിയോളജിസ്റ്റിനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡി.എം.ഒ ഉറപ്പ് നല്‍കി. അതിനുശേഷമാണ് ഹര്‍ഷീനയും സമരസമിതി നേതാക്കളും മടങ്ങിയത്.
നീതി തേടി മെഡിക്കല്‍കോളജ് ഹോസ്പിറ്റലിന് മുമ്പിലെ ഹര്‍ഷീനയുടെ സമരം 72 ദിവസം പിന്നിടുകയാണ്. എട്ടാം തിയതി കഴിഞ്ഞിട്ടും മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നില്ലെങ്കില്‍ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റുമെന്ന് സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ പറഞ്ഞു. ഡി.എം.ഒയുടെ ഉറപ്പ് മാനിച്ചാണ് പിരിയുന്നത്. പക്ഷെ ഒരു റേഡിയോളജിസ്റ്റിനെ കിട്ടാന്‍ ഇത്രയും ദിവസം വേണമെന്നത് നീതീകരിക്കാനാവുന്നില്ല. വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ നീതിയുക്തമായ ഇടപെടലുകളുണ്ടാവാത്തതാണ് പ്രശ്‌നം. ആരോഗ്യമന്ത്രി വിചാരിച്ചാല്‍ ഒരു റേഡിയോളജിസ്റ്റിനെ കോഴിക്കോട്ടെത്തിക്കാന്‍ എത്ര ദിവസം വേണ്ടിവരും. ഇപ്പോള്‍തന്നെ 10 ദിവസം കഴിഞ്ഞു. ഇനിയും എട്ടു ദിവസം. ഇത്രയും കാലം കത്രിക എവിടുത്തേതെന്നതായിരുന്നു പ്രശ്‌നം. അത് മെഡിക്കല്‍ കോളജിലേതാണെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും തുടരുന്ന അനാസ്ഥ അങ്ങേയറ്റം അപലപനീയമാണെന്നും ദിനേശ് പെരുമണ്ണ പറഞ്ഞു.