Sorry, you need to enable JavaScript to visit this website.

തെന്മലയിലെ സ്വപ്നക്കാഴ്ചകൾ

പുനലൂർ തൂക്കുപാലം 
അണക്കെട്ടിൽ നിന്നുള്ള കാഴ്ച 
റിസർവോയർ
ഇക്കോ ടൂറിസം ലെഷർ സോൺ 

പശ്ചിമഘട്ടത്തിന്റെ മുകൾതട്ടിൽനിന്നുള്ള സ്വപ്നക്കാഴ്ചകളുടെ പറുദീസയാണ് തെന്മല. ശെന്തുരുണി കാടുകളുടെ മനംമയക്കുന്ന വന്യതയും ചെറുഅരുവികളും മാനംമുട്ടെ ഉയർന്നുനിൽക്കുന്ന ഡാമും ഉൾപ്പെടെ കണ്ടുമതിവരാത്ത കുറേയധികം കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങാം. പതഞ്ഞുപൊങ്ങി കുത്തിയൊലിച്ചിറങ്ങുന്ന മലവെള്ളച്ചാട്ടത്തിൽ കുളിച്ചുകയറാം. ഡാമിനു മുകളിൽ നിന്ന് സഹ്യാദ്രിയുടെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാം. ഉൾക്കാട്ടിലൂടെ നടന്ന് അപൂർവയിനം മരങ്ങളുടെ മണവും ശുദ്ധവായുവും വലിച്ചെടുക്കാം. ഭാഗ്യമുണ്ടെങ്കിൽ ചില വന്യജീവികളെയും കാണാം. തെന്മല ഇറങ്ങിവരുമ്പോൾ ചരിത്രസ്മാരകമായ പുനലൂർ തൂക്കുപാലത്തിലെ കട്ടിയുള്ള മരപ്പലകയിലൂടെ അക്കരെയിക്കരെ നടക്കാം. 
തേൻമല ലോപിച്ച് തെന്മല ആയെങ്കിലും ഇവിടുത്തെ കാഴ്ചകളും വനസൗന്ദര്യവും ഒട്ടും ശോഷിച്ചിട്ടില്ല. രാജ്യത്തെ തന്നെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാണ് തെന്മല. യുനെസ്‌കോയുടെ ലോക പൈതൃക  കേന്ദ്രമായ തെന്മല പ്രകൃതി സൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന സർക്കാർ നിയന്ത്രിത മേഖല കൂടിയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളെ തൊട്ടുരുമ്മി പശ്ചിമഘട്ട മേഖലയിൽ പരന്നുകിടക്കുന്ന പത്ത് മലനിരകളുടെ സംഗമ പ്രദേശം കൂടിയാണിത്. തെന്മലകളുടെ താഴ്വരയിൽ ശിൽപങ്ങളാൽ സമ്പന്നമായ പൂന്തോട്ടവും ചിത്രശലഭക്കൂട്ടങ്ങളുടെ ഉദ്യാനവുമൊക്കെ സഞ്ചാരികളെ ഇവിടേക്ക് അടുപ്പിക്കുന്നതിനുതകുന്നു. 
തിരുവനന്തപുരം - ചെങ്കോട്ട പാതയും കൊല്ലം - ചെങ്കോട്ട പാതയും കൂടിച്ചേരുന്നിടമാണ് തെന്മല. തെന്മലയിലെത്തിയാൽ സ്വീകരിക്കാനെന്ന പോലെ കല്ലട ഇറിഗേഷൻ പദ്ധതിയുടെ കൂറ്റൻ കമാനം കാണാം. അവിടെ 10 രൂപ നൽകി പാസെടുത്താൽ വനത്തിലൂടെ നടന്ന് ഡാമിനു മുകളിലെത്താം. വിശാലമായ റിസർവോയറിലേക്ക് മലനിരകളിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നതിന്റെ ദൃശ്യം മനസ്സിലും ക്യാമറയിലും ഒപ്പിയെടുക്കാം. റിസർവോയറിനുള്ളിലെ ചെറിയ തുരുത്തുകൾ കാഴ്ചയ്ക്ക് മിഴിവേകുന്നു. നിശ്ചിത സമയങ്ങളിൽ സഞ്ചാരികൾക്ക് തടാകത്തിലൂടെ ബോട്ട് യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  
ഡാമിന്റെ മുകളിൽ നിന്നും പുറത്തേക്കുള്ള കാട്ടുപാതയിൽ കൂറ്റൻ മുളച്ചില്ലകൾ കൂട്ടിയുരുമ്മിയുണ്ടാകുന്ന ശബ്ദവും കുരങ്ങുകളുടെയും പക്ഷികളുടെയും ഒച്ചപ്പാടും ആദ്യം ഭീതി ജനിപ്പിക്കുമെങ്കിലും പിന്നീടത് ആസ്വാദനമാണ്. 
ഡാം വിട്ടുവന്നാൽ കല്ലടയാറിന്റെ കരയിലുള്ള ശലഭോദ്യാനത്തിൽ വർണക്കാഴ്ചകളനവധിയാണ്. വിവിധയിനം ചിത്രശലഭങ്ങളുടെ സങ്കേതമാണിവിടം. 120 ഇനം മനോഹര ശലഭങ്ങളുടെ ഉദ്യാനമാണ് ഇവിടം. ഇതു കൂടാതെ ശലഭങ്ങളുടെ ജീവിതചക്രം വിശദമാക്കുന്ന ശിൽപങ്ങളും ശലഭോദ്യാനത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്. തൊട്ടടുത്ത് ആറിനു കുറുകെ ചെറിയൊരു തൂക്കുപാലവുമുണ്ട്. ഉദ്യാനത്തിൽ സ്ഥാപിച്ചിരിക്കുന്ന സിമന്റ് ബെഞ്ചുകളിലിരുന്ന് കാടിന്റെയും നദിയുടെയും പൂക്കളുടെയും ശലഭങ്ങളുടെയും ഭംഗി ആസ്വദിക്കാം. 
ശലഭോദ്യാനം പോലെ തന്നെ ശിൽപോദ്യാനവും തെന്മലയിൽ കാഴ്ച വിസ്മയമൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാമാണ് ശിൽപങ്ങളിൽ പ്രതിഫലിക്കുന്നത്. 
ശെന്തുരുണി കാടുകളുടെ മനംമയക്കുന്ന വന്യതയും ചെറു അരുവികളും സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഇത് ലഭിക്കുന്നത് റോസ്മലയിലേക്കുള്ള യാത്രയിലാണ്. ഇവിടേക്ക് പോകുന്നതിന് ശെന്തുരുണി ഇക്കോ ടൂറിസം അധികൃതർ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരാൾക്ക് 75 രൂപ നിരക്കിൽ 10 പേർക്ക് കയറാവുന്ന വാഹനങ്ങളുണ്ട്. അതിലൂടെ സഞ്ചരിച്ച് റോസ്മലയിലെത്തിയാൽ വിസ്മയ കാഴ്ചകളുടെ താഴ്‌വരയിലെത്തും. റോസ്മല വ്യൂപോയന്റിൽ നിന്നുള്ള ചെറുദ്വീപുകളുടെ സ്വപ്നക്കാഴ്ചകൾ കണ്ടാൽ പിന്നീടൊരിക്കലും കണ്ണിൽ നിന്ന് മായില്ല. റോസ്മലയിൽ നിന്ന് ആരും പറഞ്ഞുപോകും പ്രകൃതി കനഞ്ഞരുളിയ ദൈവത്തിന്റെ സ്വന്തം നാടെന്ന്. 
മനോഹരമായ ഒരു സംഗീത ജലധാരയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. മനോഹരമായ പാട്ടിന്റെ പശ്ചാത്തലത്തിൽ വിവിധ നിറങ്ങളിലായി ജലധാര നൃത്തം ചെയ്യുന്നു. നക്ഷത്ര വനത്തിലൂടെയുള്ള യാത്ര വീണ്ടും ഇവിടേക്കെത്തിക്കാൻ തോന്നിപ്പിക്കുന്നത്ര വശ്യമാണ്. നക്ഷത്രത്തിൽ മലയാള പഞ്ചാംഗം അനുസരിച്ചുള്ള 27 നക്ഷത്രങ്ങളുടെയും മരങ്ങളുണ്ട്. ഇവിടെ നിന്ന് ഓരോ ജന്മനക്ഷത്രത്തോടും ചേർന്ന വൃക്ഷത്തിന്റെ തൈ വാങ്ങാനും സൗകര്യമുണ്ട്. ഓരോയിനം വൃക്ഷങ്ങളുടെയും പേര് പ്രദർശിപ്പിച്ച് അവയുടെ നക്ഷത്രവും ഗുണവും വിവരിക്കുന്നതിനാൽ പഠനോപകാരവുമാണ്. കൊല്ലം പാതയ്ക്കരികിലായി മാൻ പരിപാലന കേന്ദ്രവുമുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ, പരിക്കറ്റതോ ആയ മാൻ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന മാൻ പുനരധിവാസ കേന്ദ്രമാണിത്. ഒറ്റക്കലിൽ പാതയോരത്ത് കെട്ടിയുയർത്തിയിരിക്കുന്ന ടവറിനു മുകളിൽ നിന്നാൽ നിബിഢമായ വനത്തിന്റെ കാഴ്ച ആസ്വദിക്കാം. ഒപ്പം കാടിനു നടുവിലൂടെ ഒഴുകുന്ന കല്ലടയാറും കാണാം. ഇവിടെ ഒരു പാലവും വെള്ളമൊഴുക്കിനെ നിയന്ത്രിക്കുന്ന തരത്തിലുള്ള തടയണയും വീക്ഷിക്കാം. തടയണയിൽ തട്ടി വെള്ളം താഴേക്ക് പതിക്കുമ്പോൾ ഒരു വെള്ളച്ചാട്ടം രൂപപ്പെടുന്നു. ഇവിടെ പതിക്കുന്ന വെള്ളം സൃഷ്ടിക്കുന്ന ശബ്ദവീചികൾ റോഡിലൂടെ യാത്ര ചെയ്യുന്നവരെ മാടിവിളിക്കുന്നതായി തോന്നും. തെന്മലക്ക് തിരുവനന്തപുരത്ത് നിന്നും കൊല്ലത്തുനിന്നും റോഡ് മാർഗമെത്താം. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും കൊല്ലത്തുനിന്ന് 65 കിലോമീറ്ററും ചെങ്കോട്ട പാതയിൽ സഞ്ചരിച്ചാൽ തെന്മലയിലെത്താം. 

തെന്മല ഡാം അഥവാ പരപ്പാർ അണക്കെട്ട് 

കേരളത്തിലെ ഏറ്റവും വലിയ ജലസേചന അണക്കെട്ടുകളിലൊന്നാണ് കൊല്ലം ജില്ലയിലെ കല്ലടയാറിൽ തെന്മല പഞ്ചായത്തിലെ തെന്മല ഡാം അഥവാ പരപ്പാർ അണക്കെട്ട്. 1961 ലാണ് ഡാമിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനും ഇതിലെ ജലം ഉപയോഗപ്പെടുത്തുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്മെന്റ് പ്രോജക്ടിന്റെ കീഴിലാണ് നിർമാണം നടത്തിയത്.  വളരെ വലിപ്പമേറിയ റിസർവോയർ ഏരിയ ഈ അണക്കെട്ടിന്റെ പ്രത്യേകതയാണ്. പലംവെട്ടി സാഡിൽ ഡാം ഈ സംഭരണിയിലെ ഒരു പാർശ്വ അണക്കെട്ടാണ്. 1994 മുതൽ കെ.എസ്.ഇ.ബിയുടെ 15 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി നിലവിൽ വന്നു. 280 അടി ഉയരവും 1099 അടി നീളവുമുണ്ട് ഡാമിന്. മൂന്നു സ്പിൽവേകളാണുള്ളത്. 

പുനലൂർ തൂക്കുപാലം

പുനലൂർ നഗരമധ്യത്തിൽ ചരിത്രത്തിലിടം നേടിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ തൂക്കുപാലം തലയുയർത്തി നിൽക്കുന്നു. തെന്മല സന്ദർശിക്കാനെത്തുന്നവരെല്ലാം പുനലൂരിലെ തൂക്കുപാലം കാണാതെ പോകില്ല. 1877 ൽ ആയില്യം തിരുന്നാളിന്റെ ഭരണകാലത്ത് പണിതതാണ് പുനലൂർ തൂക്കുപാലം. സഹ്യന്റെ പ്രവേശന കവാടമെന്ന ഖ്യാതിയുള്ള പുനലൂരിൽ കല്ലടയാറിനു കുറുകെ ഒരു പാലം നിർമിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത് അന്നത്തെ ദിവാനായിരുന്ന നാണുപിള്ളയാണ്. കല്ലടയാറിൽ അടിയൊഴുക്ക് ശക്തമായതിനാൽ തൂണുകൾ സ്ഥാപിച്ചുള്ള പാലം നിർമാണം അസാധ്യമാണെന്ന് അന്നത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി. അങ്ങനെയാണ് തൂക്കുപാലം എന്ന ആശയമുദിക്കുന്നത്. നിർദേശം രാജാവ് അംഗീകരിക്കുകയും 1871 ൽ അനുമതി ലഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധൻ ആൽബർട്ട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപന ചെയ്ത് നിർമാണം ആരംഭിച്ച് 1877 ൽ പണി പൂർത്തിയാക്കി തുറന്നു. 20 അടി വീതിയും 400 അടി നീളവുമുണ്ട് പാലത്തിന്. പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾ വഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമാണം തമിഴ്നാടുമായുള്ള വാണിജ്യ വ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിന് വളരെയേറെ സഹായകമായി. ആദ്യമൊക്കെ കുതിര-കാളവണ്ടികളാണ് കടന്നുപോയതെങ്കിൽ പിന്നീട് ലോറിയും ബസുമൊക്കെ അനായാസം പോയിത്തുടങ്ങി. കല്ലടയാറിന്റെ കരയോടടുത്ത് രണ്ട് വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട് കൂറ്റൻ ചങ്ങലകൾ തൂക്കിയിട്ടിരിക്കുന്നതാണ് പാലത്തിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ കരഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നാല് കിണറുകൾക്കുള്ളിലിറക്കി ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് ചട്ടക്കൂടുകളിലുറപ്പിച്ച തേക്കുതടി പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്ഫോമിലൂടെയാണ് ഗതാഗതം സാധ്യമായിരുന്നത് എന്നത് പുതുതലമുറയിൽ കൗതുകം ജനിപ്പിക്കുന്നു. ഒരു സമയം ഒരു വാഹനം മാത്രമേ കടത്തിവിട്ടിരുന്നുള്ളൂ. വാഹനം കടന്നുപോകുമ്പോൾ പാലം പൂർണമായും ചങ്ങലകളിൽ കിടന്ന് ആടിയുലയുമായിരുന്നു. ഒരു ഭാഗത്ത് വാഹനം കയറുമ്പോൾ മറുഭാഗം ഉയരും. 1970 കളിൽ വരെ പാലത്തിൽ ഗതാഗതമുണ്ടായിരുന്നു. 1990 ൽ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി ഏറ്റെടുത്ത് പുനരുദ്ധാരണം നടത്തി ആകർഷകമാക്കി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മോട്ടോറബിൾ പാലമായ പുനലൂർ തൂക്കുപാലം നിർമാണത്തിനു പിന്നിൽ മറ്റൊരു കഥയും ചരിത്ര രേഖകളിൽ കാണാം. നിബിഢ വനമേഖലയിൽ നിന്ന് വന്യജീവികൾ മറുകരയിലെത്താൻ പാലം ഉപയോഗപ്പെടുത്തുന്നത് തടയാനാണ് തൂക്കുപാലം നിർമിച്ചതത്രേ. ആടിയുലയുന്ന പാലത്തിൽ മൃഗങ്ങൾ കയറി മറുകരയെത്തില്ല. പാലം നിർമിച്ച ഘട്ടത്തിൽ ആളുകൾ ആടിയുലയുന്ന പാലത്തിൽ കയറാൻ മടിച്ചിരുന്നുവത്രേ. പാലത്തിന്റെ ബലം തെളിയിക്കാൻ നിർമാണ ചുമതല നിർവഹിച്ച എൻജിനീയറും കുടുംബവും വള്ളത്തിൽ പാലത്തിനടിയിലൂടെ സഞ്ചരിക്കുമ്പോൾ ആറ് ആനകളെ പാലത്തിലൂടെ നടത്തി ബലപരീക്ഷണം നടത്തിയെന്നും ചരിത്രം പറയുന്നു. പുനരുദ്ധാരണത്തിനു ശേഷം ഇവിടെ സന്ദർശകരുടെ തിരക്കാണ്. പുറംനാടുകളിൽ നിന്നടക്കം നൂറുകണക്കിനാളുകളാണ് പാലം കാണാനെത്തുന്നത്. 

Latest News