മഞ്ചേരി- മലപ്പുറം ജില്ലയുടെ സൗഹൃദാന്തരീക്ഷവും മതമൈത്രിയും പഠിക്കാൻ ഓസ്‌ട്രേലിയൻ സംഘമെത്തി. മലപ്പുറത്തിന്റെ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും അനുഭവങ്ങളിലൂടെ സഞ്ചരിക്കാനാണ് ഇന്ത്യയിലെ ഓസ്‌ട്രേലിയൻ കോൺസുൽ ജനറൽ സാമുവേൽ മയേറും സംഘവും എത്തിയത്. മുൻ മാധ്യമപ്രവർത്തകനും വ്യവസായിയുമായ തോപ്പിൽ ഷാജഹാൻ സംവിധാനം ചെയ്ത മലപ്പുറം- കഥകൾക്കുമപ്പുറം എന്ന വീഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മലപ്പുറത്ത് എത്തിയത്. ഷാജഹാന്റെ മഞ്ചേരി പട്ടർകുളത്തെ കിക്ക് ഓഫ് എന്ന സ്‌പോർട്‌സ് വസ്ത്ര നിർമ്മാണ ഫാക്ടറിയിലെത്തിയ സംഘം ഒരു മണിക്കൂറോളം ചെലവിട്ടാണ് മലപ്പുറത്തിന്റെ നന്മയുടെ കഥകൾ കേട്ടറിഞ്ഞത്.
ഏറെ ആതിഥ്യമര്യാദയും സ്‌നേഹവും കാത്തുവെക്കുന്നവരാണ് മലപ്പുറം ജില്ലയിലുള്ളവർ എന്ന് സാമുവേൽ മയേർ പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സന്ദർശനം നടത്തിയ ശേഷം സംഘം കൊച്ചി വഴി ചെന്നൈയിലേക്ക് തിരിച്ചുപോയി.