Sorry, you need to enable JavaScript to visit this website.

ബന്ധുവായ യുവതിക്കൊപ്പം ഇരുന്ന യുവാവിന് മർദനം; കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം-ബസിൽ ബന്ധുവായ യുവതിക്കൊപ്പം ഇരുന്ന് യാത്ര ചെയ്ത യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല്‍ കോവില്‍വിള സ്വദേശി സുരേഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍.

തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് കാട്ടാക്കടയ്ക്ക് പോകാൻ  ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്നാണ്  യാത്രചെയ്തത്. 

ഇതുകണ്ട കണ്ടക്ടര്‍ യുവാവിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. മാറാതിരുന്ന  ഋതിക് കൃഷ്ണനെ കണ്ടക്ടർ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിക്കുകയും നിലത്തിട്ട് മർദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ കാട്ടാക്കട പോലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് ഋതിക്കിനെ കൈമാറി.

എന്നാല്‍ യാത്രക്കാര്‍ കണ്ടക്ടര്‍ക്കെതിരേ പരാതി ഉന്നയിച്ചു. ബസിനുള്ളില്‍ കണ്ടക്ടര്‍ യുവാവിനെ കൈയേറ്റം ചെയ്യുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തി സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്ത  കണ്ടക്ടർ സുരേഷ് കുമാറിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

Latest News