ജിദ്ദ - മക്ക പ്രവിശ്യയിൽ പെട്ട വാദി റാബിഗ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതായി മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ മാജിദ് അൽഖുലൈഫ് അറിയിച്ചു. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനും താഴ്‌വരയിൽ അരുവി കടന്നുപോകുന്ന പ്രദേശങ്ങളിൽ കിണറുകളിലെ ജലവിതാനം ഉയർത്താനും ലക്ഷ്യമിട്ട് സെക്കന്റിൽ 12 ഘനമീറ്റർ ജലം തോതിൽ 29 ദിവസത്തിനുള്ളിൽ മൂന്നു കോടി ഘനമീറ്റർ ജലം അണക്കെട്ടിൽ നിന്ന് തുറന്നുവിടും. മക്ക ഗവർണറേറ്റുമായും സിവിൽ ഡിഫൻസുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്.
ആളുകളുടെയും വസ്തുവകകളുടെയും സുരക്ഷ മുൻനിർത്തി, വെള്ളത്തിന്റെ ഗതി തിരിച്ചുവിടുന്ന നിലക്ക് നീരൊഴുക്കുള്ള പ്രദേശങ്ങളിൽ പ്രതിബന്ധങ്ങളും കൈയേറ്റങ്ങളും ഇല്ലെന്ന് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി മുൻകൂട്ടി ഉറപ്പുവരുത്തിയതായി റാബിഗ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് മേധാവി എൻജിനീയർ അഹ്‌മദ് അൽഹർബി പറഞ്ഞു. താഴ്‌വരയിൽ ജലമൊഴുക്കുള്ള പ്രദേശങ്ങളിൽ നിന്ന് സ്വദേശികളും വിദേശികളും അകന്നുനിൽക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും എൻജിനീയർ അഹ്‌മദ് അൽഹർബി ആവശ്യപ്പെട്ടു. പതിനഞ്ചു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത വാദി റാബിഗ് അണക്കെട്ടിന് 380 മീറ്റർ നീളവും 80.5 മീറ്റർ ഉയരവുമുണ്ട്. 22,02,50,000 ഘനമീറ്റർ ജലം സംഭരിക്കാൻ അണക്കെട്ടിന് ശേഷിയുണ്ട്.