Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തിരുവനന്തപുരത്ത് തുടങ്ങി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം-  ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 
ടെക്‌നോപാര്‍ക്ക് ഫേസ് -നാലില്‍ ഡിജിറ്റല്‍ സര്‍വകലാശാലയോടു ചേര്‍ന്നാണ് പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നത്. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് 


ഇന്ത്യയില്‍ ആദ്യമായി ടെക്‌നോപാര്‍ക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തുടക്കം കുറിക്കുകയാണ്.  
33 വര്‍ഷം മുന്‍പാണ് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് കേരളത്തില്‍ സ്ഥാപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് തുടക്കം കുറിച്ചും ഐ ടി മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ യൂണിവേഴ്സിറ്റിയോട് ചേര്‍ന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നത്. ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. 
ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറലക്കല്ലിടല്‍ നടന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ്. കേവലം 3 മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഈ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്.

 

Latest News