പാരിസ് - തങ്ങളുടെ സമ്പത്തിൽ നിന്ന് വലിയൊരു ഭാഗം ജീവകാരുണ്യത്തിന് നൽകുന്നവർ ഏറെയുണ്ട്. ഏറെ സമ്പത്ത് ആർജിക്കും, പ്രായമേറുന്നതോടെ സമ്പത്തിൽ നിന്ന് ഒരു ഭാഗം സംഭാവന ചെയ്യും, അതിനേക്കാളേറെ സമ്പാദിക്കും, പ്രായം കടന്നുപോവുന്നതോടെ ഈ നേടുന്ന പണത്തിന്റെ ഒരു ഭാഗം മതി, തന്റെ തലമുറകൾക്ക് ജീവിക്കാനെന്ന് മനസ്സിലാക്കുകയും വലിയൊരു ഭാഗം കാരുണ്യപ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുകയും ചെയ്യും. ഇതാണ് പരമ്പരാഗത രീതി. എന്നാൽ പത്തൊമ്പതാം വയസ്സിൽ വലിയൊരു തുക ചാരിറ്റിക്കായി ചെലവിട്ട് കീലിയൻ എംബാപ്പെ താൻ വെറുമൊരു കളിക്കാരൻ മാത്രമല്ലെന്ന് തെളിയിക്കുകയാണ്. ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് സ്‌ട്രൈക്കർ ചാരിറ്റിക്കായി മാറ്റിവെച്ചത് ലോകകപ്പിൽ നിന്ന് കിട്ടിയ മുഴുവൻ തുകയുമാണ്, മൂന്നര ലക്ഷം ഡോളർ (2.4 കോടി രൂപ). ചാരിറ്റിക്കായി ഏറ്റവും തുക മാറ്റിവെച്ച ഫുട്‌ബോളർമാരിൽ മുൻനിരയിലെത്തി എംബാപ്പെ.
ലോകത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനായിരിക്കാം എംബാപ്പെ. പത്തൊമ്പതുകാരൻ പക്ഷേ സമ്പാദിച്ചു തുടങ്ങിയിട്ടേയുള്ളൂ. പണത്തിന്റെയും പ്രതാപത്തിന്റെയും പളപളപ്പിനപ്പുറം കാണാനുള്ള പ്രായമൊന്നുമായിട്ടില്ല.
ഇംഗ്ലണ്ട് ടീം തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ചാരിറ്റിക്കായി മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എംബാപ്പെയുടേത് സ്വന്തം തീരുമാനമായിരുന്നു, ആരും അടിച്ചേൽപിച്ചതല്ല. മാത്രമല്ല, മിക്ക കളിക്കാർക്കു വേണ്ടിയും അവരുടെ ഏജന്റുമാരാണ് ഇത്തരം കാര്യങ്ങൾ നിർവഹിക്കുന്നത്. കൂടുതൽ പ്രശസ്തി കിട്ടുന്ന ഇന്റർനാഷനൽ ഏജൻസികളെയാണ് അവർ തെരഞ്ഞെടുക്കാറ്. എന്നാൽ എംബാപ്പെ ആശുപത്രി വാസത്തിലുള്ള അംഗപരിമിതരായ കുട്ടികളെ സഹായത്തിനായി സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. ഈ കുട്ടികൾക്കൊപ്പം കളിക്കാൻ എംബാപ്പെ സമയം കണ്ടെത്തുന്നു. പലപ്പോഴും ഈ കളിയിലാണ് എംബാപ്പെ കൂടുതൽ ആഹ്ലാദവാനായി കാണപ്പെടുന്നതെന്നാണ് അടുത്ത ബന്ധമുള്ളവർ പറയുന്നത്.