പത്തനംതിട്ട - കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരെ നൗഷാദിന്റെ ഭാര്യ അഫ്‌സാന നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഡി ജി പിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. ഭര്‍ത്താവ് നൗഷാദിനെ താന്‍ ഒന്നര വര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയെന്നാണ് അഫ്‌സാന പോലീസില്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഫ്‌സാനയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും നൗഷാദിന്റെ മൃതദേഹത്തിനായി പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ നൗഷാദിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു. പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അഫ്‌സാന പറഞ്ഞിരുന്നത്. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പൊലീസ് ക്രൂരമായി മര്‍ദിച്ചവെന്നും ഇവര്‍ പറഞ്ഞിരുന്നു. പിതാവിനെടക്കം പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പൊലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്‌സാന പറഞ്ഞിരുന്നു. പൊലീസ് തല്ലിയ പാടുകളും ഇവര്‍ കാണിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത്. സംഭവത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്.