കൊച്ചി - ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശി അസഫാക് ആലം ദല്‍ഹിയിലും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടത്തി. പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദല്‍ഹിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 ലാണ് പീഡന ശ്രമം നടത്തിയത്. അന്ന് അറസ്റ്റിലായ അസഫാക് ഒരു മാസം തടവില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. ആലുവയില്‍ തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് അസഫാക് ആലം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ രണ്ട് ദിവസം മുമ്പ് താമസിക്കാനെത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസഫാകിനൊപ്പം പെണ്‍കുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ കെ എസ് ആര്‍ ടി ബസില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടയില്‍ കുട്ടിയുടെ മൃതേദേഹം ആലുവ മാര്‍ക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.