Sorry, you need to enable JavaScript to visit this website.

ഏഷ്യാഡിനായി ഇനി കാത്തിരിപ്പ്

ഏഷ്യാഡ് ദീപശിഖയുമായി സൂസി സുസാന്തി വിമാനമിറങ്ങുന്നു.  

യോഗ്യകർത്ത (ഇന്തോനേഷ്യ) - ലോകകപ്പ് ഫുട്‌ബോളിന്റെ ആരവമടങ്ങിയതോടെ ഏഷ്യൻ ഗെയിംസിന്റെ ആവേശത്തിലേക്ക് വൻകര. പതിനെട്ടാമത് ഏഷ്യൻ ഗെയിംസിന്റെ ദീപശിഖ ഇന്നലെ ന്യൂദൽഹിയിൽ നിന്ന് ആതിഥേയ രാജ്യമായ ഇന്തോനേഷ്യയിലെത്തി. ഇന്തോനേഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന യോഗ്യകർത്തയിൽ സൈനിക പരേഡും പരമ്പരാഗത വ്യാളീനൃത്തങ്ങളും വ്യോമസേനാ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും ഗൺ സല്യൂട്ടും സൈനിക സംഗീത പ്രകടനവും ദീപശിഖയെ സ്വാഗതം ചെയ്തു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെയാണ് ഏഷ്യൻ ഗെയിംസ്. തലസ്ഥാന നഗരിയായ ജക്കാർത്തയിലും സുമാത്രാ ദ്വീപിലെ പാലെംബാംഗിലുമായി അരങ്ങേറുന്ന ഏഷ്യൻ ഗെയിംസിൽ 45 ഏഷ്യൻ രാജ്യങ്ങളിലെ 11,000 അത്‌ലറ്റുകളും 5000 ഒഫീഷ്യലുകളും പങ്കെടുക്കും. ഒളിംപിക്‌സ് കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ഗെയിംസാണ് ഏഷ്യൻ ഗെയിംസ്.
1951 ൽ പ്രഥമ ഏഷ്യൻ ഗെയിംസിന് വേദിയൊരുക്കിയ ദൽഹിയിൽ ഞായറാഴ്ച കൊളുത്തിയ ദീപശിഖ ഇന്തോനേഷ്യൻ എയർഫോഴ്‌സ് ബോയിംഗ് ജെറ്റ് വിമാനത്തിലാണ് ഇന്തോനേഷ്യയിലേക്ക് കൊണ്ടുപോയത്. അഞ്ച് യുദ്ധവിമാനങ്ങൾ സ്വർണപ്പരുന്തിന്റെ ആകൃതിയിൽ ബോയിംഗ് ജെറ്റിനെ അനുഗമിച്ചു. 
ദീപശിഖാ അംബാസഡറും ഇന്തോനേഷ്യയുടെ മുൻ ബാഡ്മിന്റൺ രോമാഞ്ചവുമായ സൂസി സുസാന്തി ജെറ്റ് വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ആയിരങ്ങൾ ആർപ്പ് വിളിച്ചു. ആദിസുത്ജിപ്‌തൊ വിമാനത്താവളത്തിൽ നിന്ന് നഗരത്തിലൂടെയുള്ള ദീപശിഖാ പ്രയാണത്തിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. 
ഇനി ഒരു മാസം ഇന്തോനേഷ്യയിലെ 54 നഗരങ്ങളിലൂടെ 18,000 കി.മീ ദീപശിഖ പ്രയാണം നടത്തും. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ദീപശിഖ ജക്കാർത്തയിലെത്തും. യോഗ്യകർത്തയിൽ നിന്ന് സോളോയിലേക്കുള്ള ആദ്യ പാദം നാളെയാണ്. 

 

Latest News