കൊച്ചി- ആലുവയിൽ അഞ്ചുവയസ്സുകാരി ക്രൂരബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷം. സംഭവത്തിൽ പോലീസിന്റെയും സർക്കാരിന്റെയും അനാസ്ഥക്കും ഉദാസീനതക്കുമെതിരെ കോൺഗ്രസ് വിമർശനവുമായി രംഗത്തുവന്നപ്പോൾ പ്രതിരോധവുമായി മന്ത്രിമാർ തന്നെ പുറത്തുവന്നു. പോലീസ് വീഴ്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബി ജെ പി പ്രവർത്തകർ ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. സൈബറിടങ്ങളിലും ഭരണ പ്രതിപക്ഷങ്ങൾ വിഷയത്തിൽ ചേരിതിരിഞ്ഞ് എറ്റുമുട്ടുകയാണ്.
കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വിവരമറിഞ്ഞിട്ടും ഉണർന്നു പ്രവർത്തിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടതായി ആലുവ എം എൽ എ അൻവർ സാദത്തും ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസും ആരോപിച്ചു. വൈകീട്ട് 5.30 ഓടെ കുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ പോലീസിൽ ഫോൺ ചെയ്ത് വിവരമറിയിച്ചിരുന്നു. എന്നാൽ കുട്ടിയുടെ അമ്മ പരാതിയുമായി രാത്രി ഏഴു മണിയോടെ എത്തിയ ശേഷമാണ് പോലീസ് ഊർജിത അന്വേഷണവുമായി രംഗത്തിറങ്ങിയതെന്ന് അവർ പറയുന്നു. മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് സർക്കാർ ഇത്തരം സംഭവങ്ങളെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നതായും അവർ ആരോപിച്ചു.
വിമർശനമുയർന്ന സാഹചര്യത്തിൽ മന്ത്രിമാരും സിപിഎം നേതാക്കളുമടക്കം ആലുവയിലെ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ വൈകിയാണെങ്കിലും എത്തി. ആരോഗ്യമന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് കുടുംബം മടങ്ങിയ ശേഷം വീട്ടിലെത്തിയാണ് ആശ്വാസ വാക്കുകൾ പറഞ്ഞത്. കുടുംബത്തിന് അടിയന്തര ആശ്വാസ ധനമായി ഒരു ലക്ഷം രൂപ അനുവദിച്ചതായും അവർ അറിയിച്ചു.
ഇതിന്റെ തുടർച്ചയായി തിങ്കളാഴ്ച കുട്ടിയുടെ വീട്ടിലെത്തിയ വ്യവസായ മന്ത്രി പി രാജീവ് അടിയന്തര സഹായമായ ഒരു ലക്ഷം രൂപ കൈമാറി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും കുടുംബത്തിന് മന്ത്രി ഉറപ്പുനൽകി. കുട്ടിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ സർക്കാർ പ്രതിനിധികളോ മന്ത്രിയോ പങ്കെടുത്തില്ലെന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പി രാജീവ് പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പൊലീസ് ചെയ്തു വരുന്നു. കുട്ടിയുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പൊലീസിലേക്ക് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചത് കുഞ്ഞ് കൊലചെയ്യപ്പെട്ട ശേഷമാണ്. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസിന്റെ ഭാഗത്തെ ഇടപെടൽ മൂലമാണ് പ്രതിയെ പിടികൂടാൻ സാധിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കാൻ സർക്കാർ നടപടി തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും ഏറെ നേരം ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ജില്ലാ കളക്ടറും ഒപ്പമുണ്ടായിരുന്നു.
എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, സി പി എം നേതാവ് എം എം മണി തുടങ്ങിയവരും അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി.