Sorry, you need to enable JavaScript to visit this website.

ആലുവയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം; സർക്കാറിന്റെ മദ്യനയത്തിനെതിരെ വിമൻ ജസ്റ്റിസ് പ്രതിഷേധ പ്രകടനം നടത്തി

ആലുവയിലെ പിഞ്ചു കുഞ്ഞിന്റെ കൊല സർക്കാരിന്റെ വികല മദ്യ നയത്തിന്റെ അനന്തരഫലമാണെന്ന് പ്രഖ്യാപിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ആലുവയിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന കമ്മിറ്റിയംഗം ആബിദ ഉദ്ഘാടനം ചെയ്യുന്നു.

 

ആലുവ : ആലുവയിൽ പിഞ്ചുകുഞ്ഞിനെ മദ്യലഹരിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ പ്രതിക്ക് കുറ്റകൃത്യം ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്ത സർക്കാരിന്റെ മദ്യനയം പിൻവലിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസ്സും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ആബിദ ഉദ്ഘാടനം നിർവഹിച്ചു.

കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാനുള്ള സർക്കാർ നീക്കം ക്രമസമാധാന നില തകർക്കുന്നതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് അവർ പറഞ്ഞു.
അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കാനും വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് നൽകാനുമുള്ള സർക്കാർ തീരുമാനം  മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ നയമാണ്. ഒരു വശത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുകൾ എന്ന പേരിൽ ബോധവൽക്കരണങ്ങൾ തുടരുകയും അതേസമയം തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടി പൊതുജനങ്ങൾക്കും പുതുതലമുറകൾക്കുമിടയിൽ ആശയ കുഴപ്പം സൃഷ്ടിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്. 'മാന്യമായി മദ്യം വാങ്ങി പോകാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഒളിച്ചും പാത്തും കുറ്റം ചെയ്യും പോലെ ചെയ്യേണ്ടതെല്ലാ മദ്യപാനം' മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവന മദ്യപാനം അടക്കമുള്ള ലഹരി ഉപയോഗത്തിന് ക്ലീൻചിറ്റ് നൽകുന്നതാണ്. മദ്യവർജനം എന്ന ഇടതു സർക്കാർ നയം ഇപ്പോൾ എവിടെയാണ് എത്തിനിൽക്കുന്നതെന്ന് ഇടത് സർക്കാർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ലഹരി വിപണിയുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നത് ഉറ്റവരെ പോലും ക്രൂരമായി ഇല്ലാതാക്കുന്ന ലഹരിക്കൊലപാതകങ്ങൾ ഇനിയും വർധിക്കുന്നതിലേക്കുള്ള ദൗർഭാഗ്യകരമായ നീക്കമാണ്. വീടകങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് സൈ്വര്യ ജീവിതം നിഷേധിക്കുന്ന പ്രതിലോമ നയത്തിൽ നിന്നും സർക്കാർ പിൻവാങ്ങുകയും ലഹരി മാഫിയക്കെതിരായ ആത്മാർത്ഥമായ നടപടികൾക്കായി നിലകൊള്ളുകയും വേണം -ആബിദ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ജാസ്മിൻ സിയാദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി റഷീദ സ്വാഗതം ആശംസിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രമണി കൃഷ്ണൻകുട്ടി, മുനീറ എന്നിവർ സംസാരിച്ചു.

 

Latest News