- റൂട്ടിന് വീണ്ടും സെഞ്ചുറി, മോർഗൻ 88*
ലീഡ്‌സ് - ട്വന്റി20 പരമ്പരയിലെ തോൽവിക്ക് ഏകദിന പരമ്പരയിൽ കനത്ത തിരിച്ചടി നൽകി അഞ്ചു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്ക് മുമ്പായി ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. ട്വന്റി20 പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയപ്പോൾ ഏകദിന പരമ്പരയിൽ അതേ മാർജിനിൽ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ആദ്യ മത്സരം ദയനീയമായി തോറ്റ ശേഷം ഉജ്വലമായി ഇംഗ്ലണ്ട് തിരിച്ചുവരികയായിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിൽ 5.3 ഓവർ ശേഷിക്കെ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്താണ് ഇംഗ്ലണ്ട് പരമ്പര പിടിച്ചത്. നിർണായക മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗും ബൗളിംഗും ഫീൽഡിംഗും ദയനീയമായി പരാജയപ്പെട്ടു. തുടർച്ചയായ ഒമ്പത് ഏകദിന പരമ്പര ജയങ്ങൾക്കു ശേഷമാണ് ഇന്ത്യ കീഴടങ്ങുന്നത്. 2011 നു ശേഷം ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ആദ്യ പരമ്പര ജയമാണ് ഇത്. എട്ടിന് 256 റൺസ് മാത്രം സ്‌കോർ ചെയ്ത ഇന്ത്യക്കെതിരെ അനായാസം ആതിഥേയർ വിജയത്തിലേക്ക് കുതിച്ചു. ഫോം നഷ്ടപ്പെട്ട് അവസാന ട്വന്റി20 യിൽ പുറത്തിരിക്കേണ്ടി വന്ന റൂട്ട് (120 പന്തിൽ 100 നോട്ടൗട്ട്) വിജയ ബൗണ്ടറിയോടെ പതിമൂന്നാം സെഞ്ചുറി പൂർത്തിയാക്കി. ക്യാപ്റ്റൻ ഓയിൻ മോർഗനുമൊത്ത് (108 പന്തിൽ 88 നോട്ടൗട്ട്) അഭേദ്യമായ മൂന്നാം വിക്കറ്റിൽ റൂട്ട് 186 റൺസ് കൂട്ടുകെട്ടുണ്ടാക്കി. അവസാന ഘട്ടത്തിൽ ഇംഗ്ലണ്ട് ജയിക്കുമോയെന്നതിനെക്കാളേറെ ആര് സെഞ്ചുറി നേടുമെന്നതായിരുന്നു ചോദ്യം.
69 ലുള്ളപ്പോൾ മഹേന്ദ്ര ധോണിയുടെ തകർപ്പൻ സ്റ്റമ്പിംഗിൽ റൂട്ട് പുറത്താവേണ്ടതായിരുന്നുവെങ്കിലും റീപ്ലേയിൽ യുസ്‌വേന്ദ്ര ചഹലിന്റേത് നോബോളാണെന്ന് തെളിഞ്ഞു. ഫ്രീഹിറ്റ് റൂട്ട് സിക്‌സറിന് പായിച്ചു. മോർഗനെ അവസാന വേളയിൽ ഭുവനേശ്വർകുമാറും കൈവിട്ടു. ജോണി ബെയര്‍സ്റ്റോയും (13 പന്തിൽ 30) ജെയിംസ് വിൻസും (27 പന്തിൽ 27) ചെറിയ സ്‌കോറിലേക്ക് അതിവേഗം കുതിപ്പ് തുടങ്ങി. സ്പിന്നർമാർക്കെതിരെ സാഹസം കാട്ടാതെ കളിക്കാൻ റൂട്ടിനും മോർഗനും അത് സഹായകമായി. വിൻസിനെ ധോണി റണ്ണൗട്ടാക്കി. ബെയര്‍സ്റ്റോയെ ശാർദുൽ താക്കൂർ മടക്കി.
തങ്ങളുടെ യോർക്ഷയർ ഹോം ഗ്രൗണ്ടിൽ പെയ്‌സ്ബൗളർ ഡേവിഡ് വിലിയും ലെഗ്‌സ്പിന്നർ ആദിൽ റഷീദുമാണ് മൂന്നു വിക്കറ്റ് വീതം നേടി ഇന്ത്യൻ ബാറ്റിംഗ് നിരയെ തളച്ചത്. ഇടങ്കൈയൻ വിലി ഒമ്പതോവറിൽ 40 റൺസിനാണ് മൂന്നു വിക്കറ്റെടുത്തത്. റഷീദ് പത്തോവറിൽ 49 റൺസ് വഴങ്ങി വിരാട് കോഹ്‌ലി (72 പന്തിൽ 71), ദിനേശ് കാർത്തിക് (22 പന്തിൽ 21), സുരേഷ് റയ്‌ന (1) എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകൾ സ്വന്തമാക്കി. അതിമനോഹരമായി തിരിഞ്ഞ പന്തുകളിലാണ് കോഹ്‌ലിയെയും ദിനേശിനെയും റഷീദ് ബൗൾഡാക്കിയത്. റയ്‌നയെ സ്ലിപ്പിൽ ജോ റൂട്ട് പിടിച്ചു. തകർപ്പൻ ഷോട്ടുകളുമായി മുന്നേറുകയായിരുന്ന ശിഖർ ധവാൻ (49 പന്തിൽ 44) മിഡ്‌വിക്കറ്റിൽ നിന്ന് ബെൻ സ്റ്റോക്‌സ് നേരിട്ടെറിഞ്ഞ പന്തിൽ റണ്ണൗട്ടായി. രോഹിത് ശർമയെ (18 പന്തിൽ 2) വിലി ആറാം ഓവറിൽ പുറത്താക്കിയ ശേഷം ശിഖറും കോഹ്‌ലിയും ഇന്ത്യയെ തിരിച്ചുകൊണ്ടുവരികയായിരുന്നു. ആറ് പന്തിനിടയിൽ കോഹ്‌ലിയെയും റയ്‌നയെയും റാഷിദ് പുറത്താക്കിയ ശേഷം ഇന്ത്യക്ക് തിരിച്ചുവരാനായില്ല.
ലോഡ്‌സിലെ രണ്ടാം മത്സരത്തിലെ ഇന്ത്യയുടെ തോൽവിയിൽ മെല്ലെപ്പോക്കിന് പഴി കേട്ട ധോണിക്ക് (66 പന്തിൽ 42) ഇത്തവണയും അവസാന ഓവറുകളിൽ വേഗം കൂട്ടാനായില്ല. ധോണി പുറത്തായ ശേഷം ശാർദുലാണ് (13 പന്തിൽ 22 നോട്ടൗട്ട്) ബെൻ സ്റ്റോക്‌സിനെ രണ്ട് സിക്‌സറിനുയർത്തി സ്‌കോർ 250 കടത്തിയത്. മറ്റൊരു സിക്‌സർ ബൗണ്ടറി ലൈനിൽ സാഹസികമായി ലിയാം പ്ലങ്കറ്റ് രക്ഷപ്പെടുത്തുകയായിരുന്നു. അവസാന രണ്ട് കളികളിൽ ഇന്ത്യയുടെ രണ്ടേ രണ്ട് സിക്‌സറുകളായിരുന്നു അവ. ശാർദുലും ഇന്നിംഗ്‌സിലെ അവസാന പന്തിൽ പിടികൊടുത്ത ഭുവനേശ്വർകുമാറും (35 പന്തിൽ 21) അവസാന നാലോവറിൽ 37 റൺസടിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തിൽ സ്‌കോർ ചെയ്യാൻ പ്രയാസപ്പെട്ടു. മൂടിക്കെട്ടിയ കാലാവസ്ഥയിൽ മാർക്ക് വുഡും വിലിയും രോഹിതിനെയും ശിഖറിനെയും തളച്ചിട്ടു. ആദ്യ മത്സരത്തിൽ സെഞ്ചുറിയടിച്ച രോഹിത് പല തവണ ബീറ്റണായ ശേഷമാണ് പുറത്തായത്. ആക്രമിക്കാനുള്ള അപൂർവ ശ്രമത്തിൽ ഡീപ്‌സ്‌ക്വയറിൽ ക്യാച്ച് നൽകി. പ്ലങ്കറ്റ് ബൗളിംഗിന് വന്നതോടെയാണ് ബാറ്റ്‌സ്മാന്മാർ സ്വാതന്ത്ര്യം കാട്ടിയത്. ഇംഗ്ലണ്ട് നിരയിലുള്ള അഞ്ച് യോർക്ഷയർ കളിക്കാരിലൊരാളായിരുന്നു പ്ലങ്കറ്റ്. ശിഖർ തുടർച്ചയായി മൂന്ന് ബൗണ്ടറിയടിച്ചതോടെ പ്ലങ്കറ്റിന്റെ രണ്ടോവറിൽ 21 റൺസൊഴുകി. മുഈൻഅലിയുടെ ബൗളിംഗിൽ കോഹ്‌ലി അനുവദിച്ച ക്യാച്ച് വിക്കറ്റ്കീപ്പർ ജോസ് ബട്‌ലർ കൈവിട്ടു. ഇന്ത്യൻ നായകൻ അപ്പോൾ 23 ലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടോവറിൽ കോഹ്‌ലിയും ശിഖറും 71 റൺസ് ചേർത്തു. സ്റ്റോക്‌സിന്റെ തകർപ്പൻ ഫീൽഡിംഗാണ് ഈ കൂട്ടുകെട്ട് തകർത്തത്. മുഈൻഅലിയെ മിഡ്‌വിക്കറ്റിലേക്ക് പായിച്ച ശേഷം റണ്ണിനാടി ഓടിയ കോഹ്‌ലി പിൻവാങ്ങി. തിരിച്ചോടിയ ശിഖർ തലനാരിഴക്ക് റണ്ണൗട്ടായി.
കെ.എൽ രാഹുലിനു പകരം കളിച്ച ദിനേശിനെ ബാറ്റിനും പാഡിനുമിടയിലൂടെ റഷീദ് ബൗൾഡാക്കി. ആറ് ബൗണ്ടറിയുമായി കോഹ്‌ലി 55 പന്തിൽ അർധ ശതകം പൂർത്തിയാക്കി. എന്നാൽ റഷീദ് ഒരോവറിൽ രണ്ടു വിക്കറ്റെടുത്തതോടെ മൂന്നിന് 156 ൽ നിന്ന് അഞ്ചിന് 158 ലേക്ക് ഇന്ത്യ തകർന്നു. ഓഫ്സ്റ്റമ്പിൽ പിച്ച് ചെയ്ത പന്ത് ലെഗ്സ്റ്റമ്പും കൊണ്ട് പറന്നപ്പോൾ കോഹ്‌ലിക്ക് വിശ്വസിക്കാനായില്ല.