കൊച്ചി- മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസില്‍ പോലീസ് പീഡനം ആരോപിച്ച് സമര്‍പ്പിച്ച മൂന്ന് ഹരജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ശരിയായ ദിശയില്‍ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനും വഴിതിരിച്ച് വിടാനും വേണ്ടിയുള്ള നീക്കമാണ് ഹരജിക്കു പിന്നിലെന്ന് പോലീസിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ.സി. സോനന്റെ വാദം പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കേസില്‍ അറസ്റ്റിലായ മുഹമ്മദ് സലീമിന്റെ ഭാര്യയും ആദിലിന്റെ മതാവുമായ ചുണങ്ങലുംവേലി സ്വദേശി ഷഹര്‍ബാനും മറ്റും സമര്‍പ്പിച്ച ഹരജികളാണ് കോടതി പ്രാഥമിക വാദം കേട്ട് തള്ളിയത്. പോലീസ് അന്വേഷിക്കുന്ന ഷമീര്‍, മനാഫ് എന്നിവരുടെ ഭാര്യമാര്‍ സമര്‍പ്പിച്ചവയായിരുന്നു മറ്റ് രണ്ട് ഹരജികള്‍.
കൈവെട്ട് കേസിലെ പ്രതിയായിരുന്ന മനാഫിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഒളിവില്‍ കഴിയുകയാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. മുഖ്യ പ്രതികളിലൊരാളായ ഷമീറും ഒളിവിലാണ്. ഇയാളുടെ ഭാര്യയുടെ ഫോണില്‍ നിന്ന് സംഭവ ദിവസവും മറ്റ് പ്രതികളുടെ ഫോണ്‍കളിലേക്ക് ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഹരജി നല്‍കിയവര്‍ ഭര്‍ത്താവിനെ അന്വേഷിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയവരാണ്. പോലീസ് ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. സ്ത്രീകളായ ഹരജിക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്യലിന് വിധേയമാക്കുന്നതിന് ക്രിമിനല്‍ നടപടി നിയമത്തില്‍ വിലക്കുണ്ടെന്നും ഹരജിഭാഗം വാദിച്ചെങ്കിലും കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. സാക്ഷികളായ സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് തെളിവെടുക്കുന്നതിനാണ് വിലക്കുള്ളതെന്നും പ്രതികളാണെങ്കില്‍ ചോദ്യം ചെയ്യുന്നതിന് തടസ്സമില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. തെളിവ് ലഭിച്ചാല്‍ ഹരജിക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിയമാനുസൃതം ചോദ്യം ചെയ്യുമെന്നും അറ്റോര്‍ണി വിശദീകരിച്ചു. മുഹമ്മദ് സലീമിനെയും മകന്‍ ആദിലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലുവയില്‍നിന്നാണ് മകനെ അറസ്റ്റ് ചെയ്തത്. ആരെയും അന്യമായ തടങ്കലില്‍ വച്ചിട്ടില്ല. വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. സുഗമമായ അന്വേഷണത്തിന് തടസ്സപ്പെടുത്താനാണ് ഹരജിക്കാരുടെ നീക്കം.
കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അന്യായ തടങ്കലില്‍ വെച്ചതിന് നഷ്ടപരിഹാരത്തിന് ഉത്തരവിടണമെന്നും സുപ്രീം കോടതി വിധി ഉദ്ധരിച്ച് ഹരജി ഭാഗം വാദിച്ചു. നിയമാനുസൃതം നടപടികള്‍ സ്വീകരിക്കാന്‍ അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹരജി ഭാഗം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച് ഫയല്‍ ചെയ്ത മൂന്ന് ഹരജികളും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫയലില്‍ സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹരജി ഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജികള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പ്രാഥമിക വാദം കേട്ടതിനു ശേഷം ഹരജികള്‍ ഫയലില്‍ സ്വീകരിക്കാതെ കോടതി തള്ളി.