തിരുവനന്തപുരം - സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് സംസ്ഥാന സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന് ജൂറി അംഗം നേമം പുഷ്പരാജ് സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണം സംവിധായകന്‍ വിനയന്‍ പുറത്തുവിട്ടു. ഇക്കാര്യത്തില്‍ രഞ്ജിത് മറുപടി പറയണമെന്നും ധാര്‍മ്മികത ഉണ്ടെങ്കില്‍ രഞ്ജിത് ചെയര്‍മാന്‍ സ്ഥാനം രാജി വെയ്ക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു. അവാര്‍ഡ് നിര്‍ണയത്തില്‍ തന്റെ സിനിമയെ ബോധപൂര്‍വ്വം തഴഞ്ഞെന്ന് അരോപി്ച്ച് രഞ്ജിത്തിനെതിരെ വിനയന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകനോട് നേമം പുഷ്പരാജ് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ചെയര്‍മാന്‍ പദവി ദുരുപയോഗം ചെയ്ത് രഞ്ജിത് അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടുവെന്ന തന്റെ ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് പുറത്ത് വിട്ട ഫോണ്‍ സംഭാഷണമെന്ന് വിനയന്‍ പറഞ്ഞു.