കൊച്ചി - സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ സംവിധായകൻ വിനയൻ കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് എ.ഐ.വൈ.എഫ്
സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പറഞ്ഞു.വിനയന്റെ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ചെയർമാന് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരുവാൻ അർഹതയില്ലെന്നും അരുൺ പറഞ്ഞു. വിനയന്റെ കയ്യിൽ ആരോപണങ്ങൾ വസ്തുതയാണെന്ന് വെളിവാക്കുവാനുള്ള തെളിവുകൾ ഉണ്ടെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിൽ ജൂറി അംഗത്തിന്റേതായി സോഷ്യൽ മീഡിയയിൽ വരുന്ന ശബ്ദരേഖ ഗൗരവത്തോടെ നോക്കിക്കാണേണ്ടതുണ്ട്. ഈ വിഷയത്തിൽ അന്വേഷണം നടത്തി തെളിവുകൾ പരിശോധിച്ച് മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് .മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും കത്തയച്ചു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ അവാർഡിനു പരിഗണിക്കാത്തതിന് പിന്നിൽ ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടൽ ആണെന്നും കൃത്യമായ തെളിവ് കേരള ജനത മുഴുവൻ അറിയുന്ന രീതിയിൽ കൊടുക്കുമെന്നുമുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരുന്നു.