കൊച്ചി- ആലുവയിലേത് വേദനാജനകമായ സംഭവമാണെന്നും കുടുംബത്തിനായി ചെയ്യാൻ കഴിയുന്ന സഹായമെല്ലാം സർക്കാർ നൽകുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ പോലീസ് ഫലപ്രദമായ നടപടികൾ സ്വീകരിക്കും. ഒരു കുറ്റവാളിയേയും രക്ഷപ്പെടാൻ പോലീസ് അനുവദിക്കില്ല. എല്ലാ പഴുതും അടച്ചുള്ള അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. പോലീസിനെതിരായ വിമർശനത്തിന് അടിസ്ഥാനമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്തിനും പോലീസിനെ കുറ്റം പറയുക എന്ന തെറ്റായ പ്രവണത പോലീസിന്റെ മനോവീര്യം തകർക്കാൻ മാത്രമേ സഹായിക്കൂ. സാധാരണ നല്ല അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. എല്ലാ രംഗങ്ങളിലും പോലീസ് സജീവമായി പ്രവർത്തിച്ചുണ്ട്. ദുഃഖകരമായ സംഭവത്തെ ആരും രാഷ്ട്രീയവത്കരിക്കരുതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് ഞായറാഴ്ച തന്നെ എത്തിയിരുന്നു. ജില്ലയിൽ നിന്നുള്ള മന്ത്രി പി രാജീവ് ഔദ്യോഗികമായി വളരേ തിരക്കേറിയതിനാൽ തിരുവനന്തപുരത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.