Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ പ്രവാസി വെൽഫെയർ മണിപ്പൂർ വംശഹത്യ പ്രതിരോധ സംഗമം സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ ജിദ്ദയിൽ സംഘടിപ്പിച്ച മണിപ്പൂർ വംശഹത്യ പ്രതിരോധ സംഗമത്തിൽ ബഷീർ ചുള്ളിയൻ വിഷയാവതരണം നടത്തുന്നു.

ജിദ്ദ- പ്രവാസി വെൽഫെയർ വെസ്‌റ്റേൺ പ്രൊവിൻസ് ജിദ്ദയിൽ മണിപ്പൂർ വംശഹത്യ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെട്ടിയിറക്കപ്പെടുന്ന 'കേരള സ്‌റ്റോറി' പോലുള്ള നുണക്കഥകൾ ഇത്തരം വംശഹത്യകളും കലാപങ്ങളുമാണ് ലക്ഷ്യം വെക്കുന്നത് എന്ന് മണിപ്പൂരിൽ നടക്കുന്ന ക്രിസ്തീയ വംശഹത്യക്കെതിരെ പ്രവാസി വെൽഫയർ വെസ്‌റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സ്‌നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് മാത്രമേ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അഖണ്ഡതയും ധാർമികതയും വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്ന് അവർ അഭിപ്രായപ്പെട്ടു. പൗരന്റെ അന്തസ്സിന് ഏറ്റവും ഉയർന്ന സ്ഥാനം കൽപിക്കുന്ന ലോകത്തിലെ ഏറ്റവും സുന്ദരമായ ഭരണഘടനയുള്ള ഒരു രാജ്യത്ത് നിന്ന് കൊണ്ട്, ആ രാജ്യത്ത് കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് നഗ്‌നരായി തെരുവിലൂടെ ആട്ടിയോടിക്കപ്പെടുന്ന സ്ത്രീകളെ കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് ലജ്ജാകരമാണ്. ഗുജറാത്തും മുസഫർ നഗറും യാദൃഛിക സംഭവങ്ങൾ ആയിരുന്നില്ല എന്നും അധികാരത്തിലിരിക്കുന്ന സർക്കാറുകളുടെ പൂർണ പിന്തുണയോടെ തികഞ്ഞ ആസൂത്രണത്തോടെ സംഘ്പരിവാർ നടത്തിയ ഉന്മൂലനമായിരുന്നുവെന്നും വ്യക്തമാകുന്നു. 
വെറുപ്പിന്റെ പ്രത്യയശാസ്ത്രം ആധാരമാക്കിയ, ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആൾ പ്രധാനമന്ത്രി ആയാലും അദ്ദേഹത്തിന്റെ ചിന്തകൾ മാറുന്നില്ല എന്ന് തന്നെയാണ് പ്രധാനമന്ത്രിയുടെ നീണ്ട മൗനവും അതിനു ശേഷമുള്ള പ്രതികരണവും കാണിക്കുന്നത്. മീഡിയകളെയും ജുഡീഷ്യറിയെ പോലും വിലക്കെടുക്കുന്ന സംഘ്പരിവാർ നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നറിയാൻ ഗുജറാത്ത് കോടതികളിൽ നിന്ന് വരുന്ന വിധികളും രാജ്യത്തെ മീഡിയകളിൽ വരുന്ന വാർത്തകളും മാത്രം ശ്രദ്ധിച്ചാൽ മതി.
വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ എതിരിടാൻ സ്‌നേഹത്തിന്റെയും മാനവികതയുടെയും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ട ധാർമികത വീണ്ടെടുക്കേണ്ടതുണ്ട്. അതിനായി ഭരണഘടനാ മൂല്യങ്ങൾക്ക് വില കൽപിക്കാത്ത സംഘ്പരിവാറിനെ ജനാധിപത്യ മാർഗങ്ങളിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യ വിശ്വാസികൾക്കുണ്ട് എന്നും വിഷയാവതാരകൻ ബഷീർ ചുള്ളിയൻ ഓർമിപ്പിച്ചു.
ഈ സ്ഥിതി ഭയാനകമാണെന്ന് തുടർന്ന് സംസാരിച്ച സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഹിറ്റ്‌ലറുടെ നാസി ജർമനിയുമായി ഇന്നത്തെ ഭരണകൂടത്തിനുള്ള സാമ്യതകൾ യാദൃഛികമല്ല. ഫാസിസത്തിന്റെ വിജയ രഹസ്യം അവരുടെ ശക്തിയോ അധികാരമോ ആദർശമോ ഒന്നുമല്ലെന്നും അവരുടെ ആക്രമണങ്ങൾ കൺമുമ്പിൽ അരങ്ങേറിയിട്ടും മൗനം പൂണ്ട് നിസ്സംഗരായിരിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന നമ്മെ പോലെയുള്ളവരുടെ ഭീരുത്വവും അത് പോലെ തന്നെ ഓരോ പത്തു വർഷം കൂടുമ്പോഴും കൃത്യമായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന വംശഹത്യകളെ കലാപമായി ചുരുക്കുന്ന മാധ്യമങ്ങളുമാണെന്ന് പ്രതിരോധ സംഗമത്തിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു.
അബ്ദുല്ല മുക്കണ്ണി, എ.എം. സജിത്ത് (മലയാളം ന്യൂസ്), നസീർ വാവക്കുഞ്ഞ്, മിർസ ഷെരീഫ്, ഇബ്രാഹീം ഷംനാട്, ശിഹാബ് കരുവാരകുണ്ട്, കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജസീന ബഷീർ സ്വന്തമായി രചിച്ച കവിതയും, അരുവി മോങ്ങത്തിന്റെ കവിത അബ്ദുൽ ലത്തീഫ് കരിങ്ങനാടനും ആലപിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് സുഹ്‌റ ബഷീർ നന്ദിയും പറഞ്ഞു.
 

Latest News