ന്യൂഡൽഹി - കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രിം കോടതിയുടെ വാക്കാൽ നിരീക്ഷണം. എന്നാൽ നിയമനത്തിൽ തത്കാലം ഇടപെടുന്നില്ലെന്നും പ്രിയ വർഗീസിന് തത്കാലം തുടരാമെന്നും നിയമനം സുപ്രിം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രിയയുടെ നിയമനത്തിനെതിരെ യു.ജി.സിയും ജോസഫ് സ്കറിയയും നല്കിയ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, കെ.വി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്.
അതേസമയം, നിയമനം തത്കാലം റദ്ദാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധി യു.ജി.സി റെഗുലേഷന് എതിരാണെന്നാണ് അപ്പീലിൽ വ്യക്തമാക്കുന്നത്. യു.ജി.സി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ടുവർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും അപ്പീലിൽ പറയുന്നു.
കേസിൽ പ്രിയ വർഗീസ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രിം കോടതി നിർദേശിച്ചു. തന്റെ നിയമ നനടപടികൾ പൂർത്തിയായതായി പ്രിയ വർഗീസ് കോടതിയെ അറിയിച്ചു.