പത്തനംതിട്ട - കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരെ നൗഷാദിന്റെ ഭാര്യ അഫ്‌സാന നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് വിശദ അന്വേഷണത്തിന് കോടതി ഉത്തരവ് ഇടണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കേസില്‍ അടിമുടി ദുരൂഹതയാണ്. പൊലീസിനെതിരെ ഗുരുതര ആരോപണം വന്ന സ്ഥിതിക്ക് കോടതിക്ക് സ്വമേധയാ കേസെടുക്കാം. സത്യാവസ്ഥ പുറത്ത് വരണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭര്‍ത്താവ് നൗഷാദിനെ താന്‍ ഒന്നര വര്‍ഷം മുന്‍പ് കൊന്ന് കുഴിച്ചുമൂടിയെന്നാണ് അഫ്‌സാന പോലീസില്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഫ്‌സാനയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും നൗഷാദിന്റെ മൃതദേഹത്തിനായി പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ നൗഷാദിനെ ജീവനോടെ കണ്ടെത്തുകയായിരുന്നു. പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അഫ്‌സാന പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് സത്യാവസ്ഥ പുറത്ത് വരണമെങ്കില്‍ കോടതി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യം.