Sorry, you need to enable JavaScript to visit this website.

ആരാധനാ മൂര്‍ത്തിയായ ഗണപതിയെക്കുറിച്ച് സ്പീക്കറുടെ പരാമര്‍ശം അതിരുകടന്നത്, മാപ്പു പറയണമെന്ന് ജി.സുകുമാരന്‍ നായര്‍

കോട്ടയം - ആരാധനാ മൂര്‍ത്തിയായ ഗണപതിയെക്കുറിച്ച്  സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം അതിരുകടന്നതെന്നും ഷംസീര്‍ മാപ്പ് പറയണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് യോജിച്ച നടപടിയല്ല ഷംസീറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഏത് സാഹചര്യത്തിലായാലും ന്യായീകരിക്കാനാവുന്ന പരാമര്‍ശമല്ല ഷംസീര്‍ നടത്തിയത്. വിശ്വാസികളോട് മാപ്പ് പറഞ്ഞ് ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്നും  സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.'ഷംസീറിന്റെ പ്രസ്താവന അതിരുകടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശങ്ങളോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.' ജി സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍  പറഞ്ഞു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണപതി വെറും മിത്ത് മാത്രമാണെന്നായിരുന്നു ഷംസീറിന്റെ പരാമര്‍ശം.

 

Latest News