മൂവാറ്റുപുഴ-നഗരസഭയുടെ മുറിക്കല്‍ അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ പോസ്റ്റു മോര്‍ട്ടം നടത്തി. മാമലശേരി ചിറത്തടത്തില്‍ ഏലി സ്‌കറിയ (73) ഐരാപുരം മഠത്തില്‍ കമലം (72 ) എന്നിവരുടെ മൃതദേഹങ്ങളാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. രണ്ടാഴ്ചയ്ക്കിടെ അജ്ഞാത രോഗം ബാധിച്ച് അഞ്ചു പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തും. ഇതിനിടെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണവും ആരംഭിച്ചു. ഞായറാഴ്ച അഭയകേന്ദ്രമായ സ്‌നേഹവീട്ടില്‍ എത്തിയ പോലീസ് സംഘം വിവരശേഖരണം നടത്തി. ആരോഗ്യ വകുപ്പ് അധികൃതരും.
സ്ഥലത്ത് എത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് നഗരസഭയുടെ വയോജന കേന്ദ്രമായ സ്‌നേഹവീട്ടില്‍ രണ്ട് വയോധികരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 15ദിവസത്തിനിടെ ഒരേ രോഗലക്ഷണങ്ങളോടെ 5 പേരാണ് ഇവിടെ മരിച്ചത്. ജൂലായ് 19ന് ലക്ഷ്മി , 27ന് ആമിന പരീത്, 15 ന് ഏലിയാമ്മ ജോര്‍ജ് എന്നിവര്‍ മരിച്ചിരുന്നു. ഇവരില്‍ ലക്ഷ്മി ഒഴികെയുള്ള മറ്റ് മൂന്ന് പേര്‍ക്കും ഒരേ രീതിയിലുള്ള രോഗലക്ഷണങ്ങളാണ് പ്രകടമായിരുന്നത്.ഏലീയുടെ കാലില്‍ മരിക്കുന്നതിന് 3 ദിവസം മുമ്പ് നീര് വന്നിരുന്നു. തുടര്‍ന്ന് ചെറിയവൃണങ്ങള്‍ ഉണ്ടാകുകയും തൊട്ടടുത്ത ദിവസംവലിയ വൃണമായി മാറുകയും ചെയ്തു. നാലാംദിവസം രക്തംഛര്‍ദ്ദിച്ച് മരിക്കുകയും ചെയ്തു. മരണശേഷം കാലില്‍ രൂപപ്പെട്ട നീര് രക്തം വരാതെ പൊട്ടുകയും ചെയ്‌തെന്ന് അഭയകേന്ദ്രം നടത്തിപ്പുകാരനായ ബിനീഷ് കുമാര്‍ പറഞ്ഞു.