കോട്ടയം - പുളിമരം വെട്ടുന്നതിനിടെ വടം കെട്ടിയതിന്റെ എതിർദിശയിൽ വീടിന് മുകളിലേക്ക് മരം ചെരിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. മരം മുറിച്ചു മാറ്റുന്നതിനിടെ വീടിന്റെ വാതിൽപ്പടിയിൽ ഇരിക്കുകയായിരുന്ന പള്ളം ബുക്കാന റോഡിൽ മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് (56) മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷേർളി, സ്മിത എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
വടം കെട്ടി വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മേരിക്കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇവർ മരിച്ചു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. മറ്റുള്ള രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല. ചെറു ക്ഷ്ണങ്ങളായി മുറിച്ച് താഴെ ഇറക്കേണ്ട മരം ചുവട്ടിൽനിന്ന് ഒറ്റയടിക്ക് വെട്ടിമാറ്റാൻ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു. വീടിന്റെ മുൻവശവും കിണറിന്റെ ചുറ്റുമതിലും തകർന്നിട്ടുണ്ട്.