കാസർകോട്- യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ പോലീസ് നടത്തിയ നിരീക്ഷണത്തിൽ ഒരാൾ കൂടി പിടിയിൽ. 67 വയസ്സുകാരനാണ് പിടിയിലായത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ, മുമ്പേ ഉള്ള ഒരു വീഡിയോയിൽ ശബ്ദവും മറ്റും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതിനാൽ ഗ്രൂപ്പ് അഡ്മിനെതിരെ രണ്ട് ദിവസം മുമ്പ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് 67 വയസ്സുകാരനും അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ പ്രകോപനപരമായ വ്യാജ പ്രചാരണം നടത്തുന്നവരെ നിരീക്ഷിച്ചു വരികയാണ് പോലീസ്. ഇനിയും ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്‌സേന, സൈബർ പോലീസ് ഇൻസ്പെക്ടർ പി. നാരായണൻ എന്നിവർ അറിയിച്ചു.