കൊച്ചി- ആലുവയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ പൊതുദർശനത്തിനും സംസ്‌കാര ചടങ്ങുകൾക്കും മന്ത്രിമാരിൽ ഒരാൾ പോലും എത്താത്തതിനെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ. ബിന്ദു രംഗത്ത്. മന്ത്രിമാർ എല്ലായിടത്തും എത്തണമെന്നില്ലെന്നും അതിന് സമയം ലഭിക്കില്ലെന്നും പ്രൊഫ.ആർ ബിന്ദു പറഞ്ഞു. പോലീസ് വളരെപ്പെട്ടെന്ന് തന്നെ ഇക്കാര്യത്തിൽ ഇടപെടുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സംഭവം നടന്ന എറണാകുളം ജില്ലയിലെ മന്ത്രിമാർ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു തന്റെ അറിവ്. ധാരാളം ജനപ്രതിനിധികൾ അവിടെ എത്തിയിരുന്നു. എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നില്ല. അതിനുള്ള സമയവും ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ശവസംസ്‌കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ എത്താതിരുന്നതിനെ വിമർശിച്ച് കോൺഗ്രസ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ ജില്ലാ കലക്ടറോ സ്ഥലത്ത് എത്താത്തത് സർക്കാരിന്റെ അനൗചിത്യമാണ് കാണിക്കുന്നതെന്ന് ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവ് ആലുവക്ക് തൊട്ടടുത്തുള്ള കളമശേരിയിൽ താമസിക്കുന്ന ആളായിട്ടും എത്തിയില്ല. കളക്ടർ ക്യാമ്പ് ഹൗസിൽ ഉണ്ടായിട്ടും തിരിഞ്ഞു നോക്കിയില്ല. ആലുവയിൽ കുട്ടിയെ കാണാതായത് മുതൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചക്കെതിരെ എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു. ഇന്ന് ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പോലീസ് സ്റ്റേഷനിലേക്കും നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു.
അതേസമയം മന്ത്രി പി രാജീവ് തിരുവനന്തപുരത്തായിരുന്നുവെന്നും ജില്ലാ കലക്ടർ അസുഖബാധിതനാണെന്നുമാണ് സർക്കാർ കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. സംസ്‌കാര ചടങ്ങിൽ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ എസ് അരുൺകുമാർ പങ്കെടുത്തു.