കാസര്‍കോട് - കാസര്‍കോട് മുഹിമ്മാത്ത് സീനിയര്‍ സെക്രട്ടറിയും സുന്നി മാനേജ്മെന്റ് അസോസിയേഷന് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.അന്തുഞ്ഞി മൊഗര്‍ (72)നിര്യാതനായി. കിഡ്നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാത്രി മുഹിമ്മാത്ത് ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടക്കും. മഞ്ചേശ്വരം കുമ്പള സംയുക്ത മഹല്ല് ജമാഅത്ത് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.
മുഹിമ്മാത്ത് സ്ഥാപിത കാലം മുതല്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്കൊപ്പം സുന്നി സംഘടനാ സ്ഥാപന പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം വഹിച്ച എം. അന്തുഞ്ഞി മൊഗര്‍ എസ് വൈ എസ് പുത്തിഗെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, മേഖലാ, സോണ്‍, ജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. എസ് എം എ സാരഥി എന്ന നിലയില്‍ വിവിധ മഹല്ല് സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ നേതൃത്വം നല്കി. മൊഗറസുക്ക മഹല്ല് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. ജി സി സി കേന്ദ്രമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിന് എം അന്തുഞ്ഞി മൊഗര്‍ അര്‍ഹനായിരുന്നു.
പരേതനായ മൊഗര്‍ മഹമ്മദ് ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ, മക്കള്‍: അഷ്റഫ്, നവാസ്, ഹസീന, സാജിദ, ശാക്കിറ. മരുമക്കള്‍: ഫാറൂഖ് നടുബയല്‍,ലത്തീഫ് ആരിക്കാടി, മാഹിന്‍ മാങ്ങാട്, മുനീറ കൊറ്റുമ്പ, അലീമത്ത് സന അഢ്യനടുക്ക. സഹോദരങ്ങള്‍: അലി മൊഗര്‍, ഇബ്രാഹിം മൊഗര്‍, മര്യമ്മ, റുഖിയ്യ. എം. അന്തുഞ്ഞി മൊഗറിന്റെ വിയോഗത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, സമസ്ത വൈ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ,മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവര്‍ അനുശോചിച്ചു.