Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ശക്തി കൂടി; 87ല്‍ നിന്ന് 81ലേക്ക്

ലണ്ടന്‍- ഇന്ത്യക്കാരെ ആഹ്ലാദിപ്പിന്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ശക്തിയില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം 87-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 81-ാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സ് അഡൈ്വസറി സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പുറത്തിറക്കിയത്. 

ലോകത്തിലെ 57 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. 
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ എക്സ്‌ക്ലൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കി 199 പാസ്പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും അവയുടെ ആക്സസ്, വിസ രഹിത സാധ്യതകള്‍ തുടങ്ങിയവയാണ് സൂചിക വിലയിരുത്തിയത്. 

തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി സിംഗപ്പൂരാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. സിംഗപ്പൂര്‍ പൗരന്മാര്‍ക്ക് ലോകമെമ്പാടുമുള്ള 192 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് വിസ രഹിത പ്രവേശനമുള്ളത്. 
 
ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ മൂന്ന് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 190 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനാല്‍ രണ്ടാം സ്ഥാനമാണ് പട്ടികയിലുള്ളത്. 

ഇന്തോനേഷ്യ, തായ്ലന്‍ഡ്, മ്യാന്‍മര്‍, ഭൂട്ടാന്‍, വിയറ്റ്നാം, സിംബാബ്വെ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനവും വിസയും ലഭിക്കും. എന്നാല്‍ യു. കെ, ചൈന, ജപ്പാന്‍, റഷ്യ, യു. എസ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങള്‍ ഉള്‍പ്പെടെ 177 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമാണ്.
കേവലം 33 രാജ്യങ്ങള്‍ മാത്രം വിസ രഹിത സേവനം അനുവദിച്ച പാകിസ്താന്റെ സ്ഥാനം 101 ആണ്. അഫ്ഗാനിസ്ഥാനാകട്ടെ 27 രാജ്യങ്ങളിലേക്കാണ് വിസ രഹിത സേവനമെന്നതിനാല്‍ പട്ടികയില്‍ 104-ാം സ്ഥാനത്താണുള്ളത്.

Latest News