ആലുവ - ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് പോലീസ്. ബലാത്സംഗത്തിനിടെ നിലവിളിച്ചപ്പോൾ വായ മൂടിപ്പിടിച്ചതോടെ പെൺകുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് കുട്ടി ധരിച്ച വസ്ത്രം അഴിച്ച് കഴുത്തിൽ കുരുക്കി പ്രതി മരണം ഉറപ്പിക്കുകയായിരുന്നുവെന്നും കൊലപാതക സമയത്ത് പ്രതി അസ്ഫാക് ആലം മദ്യപിച്ചിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രതി ചെയ്തത് അതിഹീനമായ കുറ്റകൃത്യമാണെന്നും കൊലപ്പെടുത്തിയത് പ്രതി അസ്ഫാക് ആലം ഒറ്റയ്ക്കാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് പുറമെ വിവിധ പോക്‌സോ വകുപ്പുകൾ അടക്കം ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ആലുവ സബ്‌കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ അടുത്തദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനിരിക്കുകയാണ് അന്വേഷണ സംഘം. പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് ബീഹാറിൽ പോയും അന്വേഷിക്കും. കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണം, ആസൂത്രണം, ലക്ഷ്യം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇതിനായി പ്രതിയെ ഏഴ് ദിവസമെങ്കിലും കസ്റ്റഡിയിൽ ലഭിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.