Sorry, you need to enable JavaScript to visit this website.

അമ്പലത്തിനും പള്ളിക്കും അടുത്തടുത്ത് കാണിക്കവഞ്ചി, രണ്ടിലും നാണയങ്ങളുമായി നാട്ടുകാര്‍- ഒരു ഗ്രാമത്തിന്റെ മഹിത മാതൃക

കൊല്ലം- സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ആസൂത്രിതമായ കേരള സ്‌റ്റോറികള്‍ ചമക്കപ്പെടുന്ന കാലത്ത് സമൂഹത്തിന് മാതൃക സൃഷ്ടിക്കുകയാണ്. കൊല്ലം ജില്ലയിലെ എളവറാംകുഴി എന്ന ഗ്രാമം. അമ്പലത്തിന്റെയും മുസ് ലിം പള്ളിയുടെയും കാണിക്കവഞ്ചി ഒരുമിച്ച് നിലകൊള്ളുന്ന സൗഹാര്‍ദത്തിന്റെ അത്ഭുതമാണ് ഈ കൊച്ചുഗ്രാമം കാഴ്ചവെക്കുന്നത്. ജനങ്ങള്‍ക്ക് ഈ കാണിക്കവഞ്ചികള്‍ തമ്മില്‍ വിവേചനമില്ല.
250 മീറ്റര്‍ അകലത്തിലാണ് ജുമാ മസ്ജിദും മഹാദേവ ക്ഷേത്രവും. പരസ്പര ബഹുമാനത്തിന്റെയും സാഹോദര്യത്തിന്റെയും നീണ്ട ചരിത്രം പങ്കിടുന്ന, ഒരു പ്രചരണവും തകര്‍ക്കാത്ത ബന്ധമാണ് ഇരു ആരാധനാലയങ്ങളും തമ്മില്‍. കാണിക്കവഞ്ചി അടുത്തടുത്തായി സ്ഥാപിക്കാനുള്ള തീരുമാനം ഐകകണ്‌ഠ്യേന എടുത്ത് ആറുമാസം മുന്‍പാണ് നടപ്പാക്കിയത്.
'പള്ളിക്കും ക്ഷേത്രത്തിനും വെവ്വേറെ കാണിക്കകളുണ്ടായിരുന്നു, ഒരു മാതൃകയെന്നോണം പുതിയവ നിര്‍മ്മിക്കുന്നതിനായി ഞങ്ങള്‍ അവ മാറ്റി. നിര്‍മ്മാണത്തിനായി ഞങ്ങള്‍ ഒരു പൊതുകമ്മിറ്റി രൂപീകരിച്ചു. നാട്ടുകാരനായ ഷാജി ഷണ്‍മുഖം ഇതിനായി സ്ഥലം നല്‍കി. സ്വത്ത് രേഖകള്‍ പ്രകാരം, ഭൂമി ഇപ്പോള്‍ സംയുക്തമായി, പള്ളിക്കും ക്ഷേത്രത്തിനും അവകാശപ്പെട്ടതാണ്- മസ്ജിദ് കമ്മിറ്റി സെക്രട്ടറി എം. അഷ്‌റഫ് പറയുന്നു. ഇപ്പോള്‍ രണ്ട് പെട്ടികളിലും ഭക്തര്‍ സംഭാവനകള്‍ നല്‍കുന്നു.
രണ്ട് ആരാധനാലയങ്ങളും സഹകരിക്കുന്നത് ഇതാദ്യമല്ല. രണ്ട് വര്‍ഷം മുമ്പ്, പ്രധാന റോഡില്‍ രണ്ട് ആരാധനാലയങ്ങളിലേക്കും പോകുന്ന ഒരു പൊതു കമാനം അവര്‍ നിര്‍മ്മിച്ചിരുന്നു. 'മതസൗഹാര്‍ദ്ദ കവാടം' (ഹാര്‍മോണി ഗേറ്റ്‌വേ) എന്ന് വിളിക്കപ്പെടുന്ന ഈ നിര്‍മിതി രണ്ട് മതങ്ങളുടെയും വാക്യങ്ങളും വേദഗ്രന്ഥങ്ങളും പ്രദര്‍ശിപ്പിക്കുന്നു. 'ഇളവറാംകുഴി ഒരു ഉള്‍പ്രദേശമാണ്, എന്നാല്‍ അതിന് വളരെ ശക്തമായ മതേതര സ്വഭാവമുണ്ട്. ഈദ് ഘോഷയാത്രയില്‍ ഞങ്ങള്‍ക്ക് ആദ്യം മധുരം വിളമ്പുന്നത് ക്ഷേത്ര കമ്മിറ്റിയാണ് -അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വര്‍ഷാരംഭത്തില്‍ വാര്‍ഷിക ക്ഷേത്രോത്സവം നടക്കുമ്പോള്‍, പള്ളിയിലെ അംഗങ്ങള്‍ ഉത്സവ കമ്മിറ്റിയുടെ ഭാഗമാകും. 'ആത്മീയ പ്രഭാഷണ പരമ്പര ആഘോഷങ്ങളുടെ ഭാഗമാണ്, സാഹിത്യ നിരൂപകന്‍ എം.എം. ബഷീര്‍ വര്‍ഷങ്ങളായി ഞങ്ങളുടെ മുഖ്യ പ്രഭാഷകനാണ്. ഉത്സവത്തോടനുബന്ധിച്ച് മസ്ജിദ് കമ്മിറ്റി ക്ഷേത്രത്തില്‍ 'അന്നദാനം' ചെയ്യുന്നു- ക്ഷേത്ര കമ്മിറ്റിയുടെ രക്ഷാധികാരി സുധാകര പണിക്കര്‍ പറയുന്നു.
'സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും ആവശ്യകത ഇന്നത്തെ കാലത്ത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഭാവിയില്‍ ഇത്തരം കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു-പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങളില്‍ ഭൂരിഭാഗവും ഇവിടെ ജനിച്ചു വളര്‍ന്നവരാണ്, ഞങ്ങള്‍ വര്‍ഗീയ തടസ്സങ്ങളില്‍ വിശ്വസിക്കുന്നില്ല. ഇളവറാംകുഴി നിവാസിയായ അയൂബ് ഖാന്‍ പറയുന്നു. നിര്‍മാണം സ്‌പോണ്‍സര്‍ ചെയ്യാന്‍ ഏതാനും പേര്‍ മുന്നോട്ടുവന്നെങ്കിലും പൊതുജനങ്ങളില്‍നിന്ന് പണം സ്വരൂപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 'പൊതുജനാഭിപ്രായം അറിയാനുള്ള ഒരു മാര്‍ഗം കൂടിയായിരുന്നു അത്. ഒരു വ്യക്തി പോലും ഇതിനെ എതിര്‍ത്തില്ല, എല്ലാ താമസക്കാരും സംഭാവന നല്‍കി, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കഥകളിയുടെ തറവാടായ കൊട്ടാരക്കരയില്‍നിന്നുള്ള ഒരു ശില്‍പിയെ ഇരു സമുദായങ്ങളുടേയും വാസ്തുവിദ്യാ ഘടകങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ നിയോഗിച്ചു. ഭക്തരുമായി കൂടിയാലോചിച്ച് രൂപകല്‍പ്പനയും കളര്‍സ്‌കീമും നിശ്ചയിച്ചു.
ഇതൊരു വലിയ കാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. എന്നും രാവിലെ അമ്പലത്തില്‍ പോകും. വഴിപാട് നടത്തുമ്പോഴെല്ലാം രണ്ട് നാണയങ്ങള്‍ കയ്യില്‍ കരുതുന്നത് മാത്രമാണ് ഇന്നത്തെ കാലത്തെ വ്യത്യാസം- നാട്ടുകാരനായ എന്‍.രാജാമണി പറഞ്ഞു.

 

Latest News