കൽപറ്റ-മുസ്‌ലിംലീഗിനെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെയും തമ്മിലടിപ്പിച്ച് രാഷ്ടീയനേട്ടം കൊയ്യുന്നതിന് ചിലർ നടത്തുന്ന നീക്കം തിരിച്ചറിയണമെന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ കല്ലായി. ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ചാലിൽ ആർക്കേഡിൽ സംഘടിപ്പിച്ച പ്രത്യേക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയും മുസ്ലിംലീഗുമായുള്ള ബന്ധം ശിഥിലമാക്കാനുള്ള ആരുടെയും ശ്രമം വിലപ്പോകില്ലെന്നു അബ്ദുറഹ്‌മാൻ കല്ലായ് പറഞ്ഞു.
സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെ പേരെടുത്ത് പറഞ്ഞായിരുന്നു അബ്ദുറഹ്‌മാൻ കല്ലായിയുടെ വിമർശനം. ഇദ്ദേഹത്തെ പറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതാണ് ഇപ്പോൾ സത്യമായി ഭവിക്കുന്നതെന്നും കല്ലായ് പറഞ്ഞു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ മഹാനായ പണ്ഡിതനാണ്. കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ എന്നിവർ ഇരുന്ന കസേരയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇരിക്കുന്നത്. മുസ്ലിം ലീഗിനോടുള്ള ജിഫ്രി തങ്ങളുടെ താൽപര്യമാണ് ലീഗ് സംഘടിപ്പിച്ച ഏകസിവിൽ കോഡ് സെമിനാറിൽ അദ്ദേഹം നേരിട്ട് പങ്കെടുക്കാൻ കാരണം. സി.പി.എം സംഘടിപ്പിച്ച സെമിനാറിലേക്ക് അദ്ദേഹം പ്രതിനിധിയെ അയക്കുകയാണ് ചെയ്തതെന്നും അബ്ദുറഹ്‌മാൻ കല്ലായ് പറഞ്ഞു.
പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, വി.എം.ഉമ്മർ, പി.കെ.അബൂബക്കർ, എൻ.കെ.റഷീദ്, റസാഖ് കൽപറ്റ, എൻ.നിസാർ അഹമ്മദ്, പി.പി.അയൂബ്, സി.കുഞ്ഞബ്ദുല്ല, കെ.ഹാരിസ്, ടി.ഹംസ, സി.പി.മൊയ്തുഹാജി, എം.എ.അസൈനാർ, സലിം മേമന, അസീസ് കോറോം, സി.കെ.ഹാരിഫ്, സി.മൊയ്തീൻകുട്ടി, ജയന്തി രാജൻ, കെ.ബി.നസീമ, റസീന അബ്ദുൽ ഖാദർ, സി.എച്ച്.ഫസൽ, വി.അസൈനാർ ഹാജി, റിൻഷാദ്, ഫായിസ് തലക്കൽ എന്നിവർ പ്രസംഗിച്ചു.