Sorry, you need to enable JavaScript to visit this website.

'നൗഷാദിനെ കൊന്നെന്ന് പറഞ്ഞില്ല'; പോലീസ് തല്ലി പറയിപ്പിച്ചതെന്ന് അഫ്‌സാന 

പത്തനംതിട്ട - ഭർത്താവ് കലഞ്ഞൂര് സ്വദേശി നൗഷാദിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴി നൽകിയ സംഭവത്തിൽ പോലീസിനെതിരെ വെളിപ്പെടുത്തലുമായി പത്തനംതിട്ടയിലെ അഫ്‌സാന രംഗത്ത്. പോലീസ് രണ്ടുദിവസം തല്ലിയാണ് തന്നെക്കൊണ്ട് 'കുറ്റം' സമ്മതിപ്പിച്ചതെന്നും പിതാവിനെയടക്കം പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അട്ടക്കുളങ്ങര ജയിൽനിന്നും ജാമ്യത്തിലിറങ്ങിയ ശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു. 
 തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പോലീസ് എല്ലാം പറയിപ്പിച്ചത്. പൊലീസ് തല്ലിയ പാടുകളും കാണിച്ചു. ഡിവൈ.എസ്.പി കേട്ടാലറയ്ക്കുന്ന തെറിയാണ് വിളിച്ചത്. വനിതാ പോലീസ് ഉൾപ്പെടെ മർദ്ദിച്ചു. പലതവണ പെപ്പർ സ്‌പ്രേ അടിച്ചു. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയിൽ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പോലീസിനോട് പറഞ്ഞു. എന്നിട്ടും പോലീസ് തന്നെ കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. വലിയ പീഡനനങ്ങൾ നേരിട്ടു. പിതാവിനെ കെട്ടി തൂക്കി മർദ്ദിക്കുമെന്ന് പറഞ്ഞു. മർദ്ദനം സഹിക്കവയ്യാതെ ഭയം കൊണ്ടാണ് ഭർത്താവിനെ കൊന്നുവെന്ന് കുറ്റമേറ്റതെന്നും അഫ്‌സാന പ്രതികരിച്ചു. പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. 
 നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്‌സാന ആരോപിച്ചു. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മർദ്ദിച്ചിരുന്നു. എന്നാൽ, താൻ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. 
  എന്നാൽ, കഴിഞ്ഞദിവസം നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽനിന്ന് ജീവനോടെ പോലീസ് കണ്ടെത്തിയതോടെ മൊഴി മാറ്റി കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ടു പോവുകയാണ് പോലീസ്. നൗഷാദിനെ കൊന്നെന്ന ഭാര്യ അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് കോടതി ഇന്ന് ഇവർക്ക് ജാമ്യം അനുവദിച്ചത്. 
 ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു അഫ്‌സാനയുടെ മൊഴിയായി ആദ്യം പോലീസ് പറഞ്ഞത്. മൃതദേഹത്തിനായി പലയിടത്തും പോലീസ് കുഴിച്ചു പരിശോധനയും നടത്തിയിരുന്നു. 2021 നവംബർ അഞ്ചിനാണ് നൗഷാദിനെ കാണാതായത്. കാണാതായ ദിവസം അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. തുടർന്ന് അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പറക്കോട് പരുത്തിപ്പാറയിലെ വാടക വീട്ടിൽനിന്ന് പോവുകയായിരുന്നു. മർദ്ദനമേറ്റ് നൗഷാദ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഭാര്യയുടെ ആൾക്കാർ സ്ഥിരമായി മർദ്ദിച്ചിരുന്നുവെന്നും അതിനാലാണ് നാടുവിട്ട് ആരുമറിയാതെ ജീവിച്ചതെന്നും ഇനി അഫ്‌സാനയുമായി ഒരുമിച്ച് പോകാൻ താൽപര്യമില്ലെന്നുമാണ് നൗഷാദ് നല്കിയ മൊഴി.

Latest News